അതിര്‍ത്തിയില്‍ കുടുങ്ങിയ നാലുപേര്‍ക്ക് അനുമതി നാടണയാന്‍ വന്നവര്‍ക്ക് ദുരിതം
കാസര്‍കോട്: കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാങ്ങളില്നിന്നു കേരളത്തിലേക്കു പുറപ്പെട്ട സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള ആളുകള്‍ തലപ്പാടിയിലെ കേരള അതിര്‍ത്തിയില്‍ കുടുങ്ങി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇത്തരത്തില്‍ ഒട്ടനവധി ആളുകള്‍ അതിര്‍ത്തിയിലെത്തിയതോടെ ഇവരെ കടത്തിവിടാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഇതേ തുടര്‍ന്ന് ഭക്ഷണവും വെള്ളവും ലഭിക്കാതെ ദുരിതത്തിലാവുകയും ചെയ്തു.
നോര്‍ക്ക റൂട്ട്സ് വഴി ഇവര്‍ രജിസ്ട്രേഷന് നടത്തിയിരുന്നുവെന്നും എന്നാല്‍ യാത്ര പുറപ്പെട്ടു പകുതി വഴി പിന്നിട്ടപ്പോള്‍ തങ്ങളുടെ അനുമതി അപേക്ഷ തള്ളിയതായി മൊബൈലില്‍ മെസേജ് വരുകയായിരുന്നുവെന്നും വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു.
അതേസമയം കൃത്യമായി അനുമതി ലഭിക്കാതെ അതിര്‍ത്തിയില്‍ വന്നാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന വാദമാണ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്. കോഴിക്കോട് ജില്ലയിലെ നാല് വിദ്യാര്‍ഥിനികളെ ഇന്നലെ ഉച്ചയോടെയാണ് അധികൃതര്‍ അനുമതി കിട്ടിയതിനെ തുടര്‍ന്ന് അതിര്‍ത്തി കടത്തിവിട്ടത്.
അതിര്‍ത്തി കടന്നെത്തുന്നവരുടെ ജില്ലയിലെ കലക്ടര്‍മാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവരെ അതിര്‍ത്തിയില്‍നിന്നു കേരളത്തിലേക്ക് പ്രവേശിപ്പിക്കാത്തതെന്ന വിവരവും അതിനിടെ പുറത്തു വന്നിരുന്നു. സംഭവം വാര്‍ത്തയായതോടെ കാസര്‍കോട് ജില്ലയിലുള്ളവരെ റവന്യൂ മന്ത്രി ഇ. ചന്ദ്ര ശേഖരനും, കാസര്‍കോട് കലക്ടറും ഇടപ്പെട്ടു ജില്ലയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."