കരിപ്പൂര്‍ വികസനം: പി.കെ കുഞ്ഞാലിക്കുട്ടി വിമാനത്താവള ഡയറക്ടറുമായി ചര്‍ച്ച നടത്തി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനം സംബന്ധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവുവുമായി ചര്‍ച്ച നടത്തി. വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നിതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
വിമാനത്താവള ഉപദേശകസമിതി ചെയര്‍മാന്‍ കൂടിയാണ് കുഞ്ഞാലിക്കുട്ടി. എം.പി ഓഫിസിലായിരുന്നു ചര്‍ച്ച. എയര്‍പോര്‍ട്ടിലെ അഗ്നിശമന സേനയുടെ കാറ്റഗറി കുറയ്ക്കാനുള്ള നീക്കം തല്‍ക്കാലത്തേക്ക് നടപ്പാക്കുകയില്ലെന്ന് ഡയറക്ടര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
വലിയ വിമാനങ്ങളുടെ സര്‍വിസിന് അനുകൂലമായി ലഭിച്ച റിപ്പോര്‍ട്ടുകളെല്ലാം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഫിസില്‍ കെട്ടിക്കിടക്കുകയാണ്. അവിടെ നിന്ന് അനുമതി ലഭിക്കുക എന്നതാണ് ഇപ്പോഴുള്ള പ്രതിസന്ധി. ഇതിനായി ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയമായും സമ്മര്‍ദം തുടരും.
ഇക്കാര്യം യാഥാര്‍ഥ്യമാകും വരെ മുസ്‌ലിം ലീഗ് കൃത്യമായ ഇടപെടല്‍ നടത്തും. സമ്മര്‍ദങ്ങള്‍ ഫലം ചെയ്തില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് നീങ്ങാനും ലീഗ് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നീ സംഘടനകളെക്കൂടി സഹകരിപ്പിച്ചാകും വിമാനത്താവള വികസനത്തിന് മുന്നിട്ടിറങ്ങുക.
വിമാനത്താവള വികസനം ചര്‍ച്ച ചെയ്യാന്‍ ജൂലൈ ആദ്യം എയര്‍പോര്‍ട്ട് ഉപദേശക സമിതി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."