മാലിന്യം വലിച്ചെറിഞ്ഞ് ചാലിയാറിനെ കൊല്ലുന്നു
കെ.എം.എ റഹ്മാന്‍
മാവൂര്‍: വേനലില്‍ ചാലിയാര്‍ മാരകമായി മലിനീകരിക്കപ്പെടുന്നതിന് പരിഹാരനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിവസങ്ങളായി കവണക്കല്ല് റഗുലേറ്റര്‍-കം ബ്രിഡ്ജ് ഷട്ടറിന് സമീപം പുഴയിലെ വെള്ളം കറുത്ത് നിറമായിരിക്കുകയാണ്. കോളിഫോം ബാക്ടീരിയയുടെ അളവും ക്രമാതീതമായി വര്‍ധിക്കുന്നന്നതായി വിലയിരുത്തപ്പെടുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ചാലിയാറിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികള്‍ക്ക് ഭീഷണിയാകുമെന്നും രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് കാരണമാകുമെന്നുമുള്ള ആശങ്ക വര്‍ധിക്കുന്നു. ചാലിയാറില്‍ മുകള്‍ഭാഗത്ത് വലിച്ചെറിയുന്ന പ്ലാസ്റ്റിക്-ജൈവമാലിന്യങ്ങല്‍ ഒലിച്ചുവരുന്നത് റഗുലേറ്റര്‍-കം ബ്രിഡ്ജ് ഷട്ടറിന് സമീപം കെട്ടിനിന്നാണ് ചാലിയാറിലെ ജലം അപകടകരമായവിധം മലിനമാകുന്നത്. സംരക്ഷണപദ്ധതികള്‍ കടലാസിലൊതുങ്ങിയതാണ് ചാലിയാറിലെ വെള്ളം വീണ്ടും മലിനമാകാന്‍ കാരണമായത്. നൂറുക്കണക്കിന് ജലസേചന-കുടിവെള്ളപദ്ധതികളാണ് ചാലിയാറിനെ ആശ്രയിച്ചുപ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം വേനല്‍ രൂക്ഷമായതോടെ ചാലിയാറില്‍ ആല്‍ഗെ ബ്ലൂം പ്രതിഭാസം പ്രത്യക്ഷപ്പെട്ടിരുന്നു. കവണക്കല്ല് റഗുലറേറ്ററില്‍ ഷട്ടര്‍ താഴ്ത്തി ജലം തടഞ്ഞു നിര്‍ത്തിയത് കാരണം ഒഴുക്കില്ലാത്ത പുഴയില്‍ മാലിന്യം അധികരിക്കുകയും വെള്ളം മലിനമാവുകയും ചെയ്തിരുന്നു. മഞ്ചേരി മുനിസിപ്പാലിറ്റി, കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജ്, ചീക്കോട് കുടിവെള്ള പദ്ധതി, കിന്‍ഫ്ര, കോഴിക്കോട് വിമാനത്താവളം, അരീക്കോട്, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ളവിതരണം പ്രതിസന്ധിയിലായിരുന്നു. ഇതോടൊപ്പം ആല്‍ഗെയുടെ വ്യാപനം ക്രമാതീതമാവുന്നതുകൊണ്ടാണ് ജലം പച്ചനിറത്തിലും നീലയായും കാണപ്പെടുന്നതെന്ന വിശദീകരണം നല്‍കുകയും വെള്ളം ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ഫില്‍റ്ററുള്ള ഇടങ്ങളിലെ വെള്ളം മാത്രമേ ഉപയോഗിക്കാവൂവെന്ന നിര്‍ദേശം വന്നതോടെ പല പ്രദേശങ്ങളിലെയും പമ്പിങ് നിര്‍ത്തിവയ്ക്കുകയായിരുന്നു.
ചാലിയാറിന്റെ പരിസരങ്ങളില്‍നിന്ന് തള്ളുന്ന മാലിന്യമാണ് പുഴയെ മലിനമാക്കുന്നത്. ജൈവവും അജൈവവുമായ മാലിന്യം തള്ളിയതോടെ ചാലിയാര്‍ ഒരു കുപ്പത്തൊട്ടിയായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."