അതിഥി തൊഴിലാളികളുടെ ട്രെയിന്‍ യാത്ര അനുമതി നല്‍കുന്നില്ലെന്ന് അമിത് ഷാ; കള്ളമെന്ന് തൃണമൂല്‍
ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുര്‍ന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ ട്രെയിന്‍ മാര്‍ഗം തിരികെയെത്തിക്കുന്ന പദ്ധതിക്ക് പശ്ചിമ ബംഗാളില്‍ നിന്ന് പിന്തുണ കിട്ടുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഇതു ചൂണ്ടിക്കാട്ടി അമിത് ഷാ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കത്തയച്ചു. ബംഗാളിലേക്ക് അതിഥി തൊഴിലാളികളുമായുള്ള ശ്രാമിക് ട്രെയിന്‍ അനുവദിക്കാത്തത് അനീതിയാണെന്ന് അമിത് ഷാ മമതയോട് പറഞ്ഞു.
കേന്ദ്രത്തിന് ആവശ്യമായ പിന്തുണ പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ബംഗാളിലേക്ക് ട്രെയിനുകള്‍ കടക്കാന്‍ അനുവദിക്കാത്തത് പശ്ചിമ ബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളികളോടുള്ള അനീതിയാണ്. ഇത് അവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയേ ഉള്ളൂ- അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രം കള്ളം പറയുകയാണെന്നും ബംഗാളില്‍ തൊഴിലാളികളുമായി രണ്ട് ട്രെയിനുകള്‍ ഇതിനകം എത്തിയതായും എട്ടെണ്ണം മൂന്നു ദിവസത്തിനകം എത്തുമെന്നും തൃണമൂല്‍ എം.പിയും മമതയുടെ സഹോദരീ പുത്രനുമായ അഭിഷേക് ബാനര്‍ജി പറഞ്ഞു. 80,000 തൊഴിലാളികളെ ഇതിനകം നാട്ടിലെത്തിച്ചിട്ടുണ്ട്. ബംഗാളില്‍ അതിഥി തൊഴിലാളികള്‍ക്കായി 711 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടി.എം.സി ദേശീയ വക്താവും രാജ്യസഭാ അംഗവുമായ ഡെറിക് ഒബ്രിയനും അമിത് ഷായുടെ കത്തില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണുള്ളതെന്ന് കുറ്റപ്പെടുത്തി. ഇതര സംസ്ഥാനങ്ങളിലുള്ള ബംഗാളി തൊഴിലാളികളെ കൃത്യമായ പദ്ധതിയോടെയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. ഏഴുഘട്ട പദ്ധതിയാണ് സംസ്ഥാനം ഇതിനായി ആവിഷ്‌കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അമിത് ഷായുടെ കത്ത് ലഭിച്ച ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ എട്ട് ട്രെയിനുകള്‍ക്കും അനുമതി നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍ ഷായുടെ കത്ത് ലഭിക്കുന്നതിനു മുമ്പേ ട്രെയിനുകള്‍ക്ക് അനുമതി നല്‍കിയിരുന്നെന്ന് തൃണമൂല്‍ പറയുന്നു.നേരത്തെ കൊവിഡ് രോഗവ്യാപന വിഷയത്തില്‍ നിരവധി തവണ കേന്ദ്ര സര്‍ക്കാരും പശ്ചിമ ബംഗാളും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.കേന്ദ്രം പശ്ചിമ ബംഗാളിനെഴുതിയ കത്തില്‍ കൃത്യമായി ടെസ്റ്റുകള്‍ നടക്കുന്നില്ലെന്നു കുറ്റപ്പെടുത്തിയിരുന്നു. ബംഗാളില്‍ നിലവില്‍ 16,78 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 160 പേര്‍ മരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."