സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ജോയിന്റ് ആര്‍.ടി ഓഫിസുകള്‍ സ്ഥാപിക്കും: മന്ത്രി
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ജോയിന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ അധികാരത്തിലേറി 1000 ദിനത്തിനുള്ളില്‍ ആറ് സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട് ഓഫിസും ഏഴ് സബ് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുമാണ് സ്ഥാപിച്ചത്.
നവീകരിച്ച കോഴിക്കോട് ആര്‍.ടി ഓഫിസിന്റെയും പുതുതായി ആരംഭിച്ച ഹെവി വാഹന പരിശോധന കേന്ദ്രത്തിന്റെയും ആധുനിക എന്‍ഫോഴ്‌സമെന്റ് കണ്‍ട്രോള്‍ റൂമിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റോഡ് സുരക്ഷയ്ക്കായി 'സേഫ് കേരള' പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുകയാണ്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സംവിധാനവും സ്‌ക്വാഡുകളുമുണ്ടാകും. കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് നിയമലംഘനത്തിനും കുറ്റകൃത്യങ്ങള്‍ക്കും കര്‍ശന ശിക്ഷാനടപടികള്‍ ഉറപ്പാക്കാനും അപകടനിരക്ക് ഗണ്യമായി കുറയ്ക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായി. മൂന്ന് കോടി രൂപ ചെലവില്‍ കെല്‍ടോണ്‍ ആണ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ആധുനിക എന്‍ഫോഴ്‌സ്‌മെന്റ് കേന്ദ്രം ഇന്ത്യയില്‍ ആദ്യമായി കോഴിക്കോടാണ് സ്ഥാപിച്ചിരിക്കുന്നത്.
92 ലക്ഷം രൂപ ചെലവില്‍ കെല്‍ട്രോണ്‍ ആണ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. നവീകരിച്ച കോഴിക്കോട് ആര്‍.ടി.ഓഫിസ് 43 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ നിര്‍മിതി കേന്ദ്രമാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സുദേഷ് കുമാര്‍, ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി കെ.എം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."