പൊലിസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വകവച്ചുകൊടുക്കില്ല: മുഖ്യമന്ത്രി
തൃശൂര്‍: പൊലിസിനെ അനാവശ്യമായി വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വകവച്ചുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലിസില്‍ തെറ്റായ ഒന്നും വച്ചുപൊറുപ്പിക്കില്ല. എന്നാല്‍ വക്രബുദ്ധികള്‍ക്ക് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
രാമവര്‍മ്മപുരം പൊലിസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പരാതിയുമായി വരുന്നവരെ സഹായിക്കാനുള്ള മനസ്സുണ്ടാകണം. മനുഷ്യസ്‌നേഹവും മര്യാദപൂര്‍വമായ പെരുമാറ്റവും പൊലിസിന്റെ ഭാഗത്തു നിന്നുണ്ടാകണം.
പൊലിസ് എന്നാല്‍ ആളുകളുടെ മേക്കിട്ട് കയറാനുള്ള ലൈസന്‍സല്ല. ചില പ്രത്യേക ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങിയ സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പ്രവൃത്തി അവമതിപ്പുണ്ടാക്കുന്നുണ്ട്. അവര്‍ക്ക് ശരിയായ പരിശീലനം വീണ്ടും നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
ജനമൈത്രി പൊലിസ് എന്നത് പേരില്‍ മാത്രം പോര. ശരിയായ രീതിയില്‍ നടപ്പിലാക്കണം. പൊലിസ് അക്കാദമിയെ സെന്റര്‍ ഓഫ് എക്‌സലന്‍സാക്കി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മേയര്‍ അജിത ജയരാജന്‍, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, കൗണ്‍സിലര്‍ ഗോപകുമാര്‍, പൊലിസ് അക്കാദമി ഡയറക്ടര്‍ കെ പത്മകുമാര്‍, റൂറല്‍ എസ്.പി എന്‍ വിജയകുമാര്‍ പങ്കെടുത്തു.
ജനറല്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ 60 എസ്.ഐമാരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. പരിശീലന കാലത്ത് വിവിധ വിഭാഗങ്ങളില്‍ മികവുപുലര്‍ത്തിയവര്‍ക്ക് മുഖ്യമന്ത്രി ഉപഹാരങ്ങള്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."