സ്ത്രീകള്‍ക്ക് സുരക്ഷിതയാത്ര: 61 വനിതാ കണ്ടക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി
കാക്കനാട്: സ്ത്രികള്‍ക്ക് സുരക്ഷിതയാത്രയൊരുക്കി 61 വനിതാ കണ്ടക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി.
വാഹനവകുപ്പും കുടുംബശ്രീയും ചേര്‍ന്നു നടത്തിയ വനിതാ കണ്ടക്ടര്‍ പരിശീലന പരിപാടിയാണു പൂര്‍ത്തിയായത്.ആദ്യബാച്ചിലെ 61 പേരാണു പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവര്‍ക്ക് എറണാകുളം ആര്‍.ടി.ഒ പി.എച്ച്. സാദിഖ് അലി കണ്ടക്ടര്‍ ലൈസന്‍സ് നല്‍കി. ബസ് ടിക്കറ്റിന്റെ നിയമപരമായ വലുപ്പം മുതല്‍ തിരക്കുള്ള ദിവസങ്ങളിലെ സമ്മര്‍ദം എങ്ങനെ മറികടക്കാമെന്നതു വരെയുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുള്ളത്. സ്ത്രീശാക്തീകരണ നടപടികളില്‍ ഉള്‍പ്പെടുത്തിയാണ് കുടുംബശ്രീ പദ്ധതിയുമായി സഹകരിക്കുന്നത്. മികച്ച കണ്ടക്ടര്‍മാരുടെ കുറവ് നികത്തുക, സ്ത്രീകള്‍ക്ക് സുരക്ഷിതയാത്രയൊരുക്കുക. പൊതുഗതാഗത സംവിധാനവുമായി ജനങ്ങളെ അടുപ്പിക്കുക എന്നിവയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ലക്ഷ്യങ്ങള്‍.
പഠിച്ചിറങ്ങിയ കണ്ടക്ടര്‍മാര്‍ക്ക് മോട്ടോര്‍ വാഹന നിയമങ്ങള്‍, വാഹനത്തിന്റെ യന്ത്രഭാഗങ്ങള്‍, ബസിന്റെ വിവിധ ഭാഗങ്ങളുടെ നിയമപരമായ അളവുകള്‍, പ്രഥമശുശ്രൂഷ, തൊഴിലുടമയുമായുള്ള ബന്ധം തുടങ്ങി എല്ലാ വിഷയങ്ങളിലും അതാതു മേഖലകളിലെ വിദഗ്ധര്‍ പരിശീലനം നല്‍കിയാണ് ഇവരെ വാര്‍ത്തെടുത്തത്.
കലക്ടര്‍ എം.ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി സമിതിയുടെ യോഗത്തിലാണ് സ്വകാര്യ ബസുകളില്‍ വനിതാ കണ്ടക്ടര്‍മാരെ ജോലിക്ക് നിയോഗിക്കാന്‍ തീരുമാനിച്ചത്. വനിതകള്‍ക്കു കണ്ടക്ടര്‍മാരായി ജോലി നല്‍കുന്നതിന് പൂര്‍ണ സഹകരണവും സഹായവും നല്‍കാന്‍ തയാറാണെന്നു ബസുടമകളും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് പരിശീലനം നല്‍കിയത്.
കണ്ടക്ടര്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ള വനിതകളെ അടുത്ത ദിവസം തന്നെ ബസ് ഉടമകള്‍ ഇന്റര്‍വ്യൂ നടത്തി എടുക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."