കരിപ്പൂരിലെത്തിയവരില്‍ കൂടുതല്‍ പേരും വീടുകളില്‍ നിരീക്ഷണത്തില്‍
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: രണ്ടു ദിവസങ്ങളിലായി ദുബൈ, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരില്‍ ഏറെ പേരും വീടുകളില്‍ നിരീക്ഷണത്തില്‍. എട്ടു പേരെയാണ് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഒരാള്‍ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചത്.
ദുബൈ, റിയാദ് എന്നിവടങ്ങളില്‍ നിന്ന് 334 പേരാണ് കരിപ്പൂരിലെത്തിയത്. ഇവരില്‍ 211 പേരും വീടുകളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. 115 പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജില്ലാഭരണ കൂടം ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്നത്. രണ്ടു വിമാനങ്ങളിലായി എത്തിയ എട്ടു പേരെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട്, മഞ്ചേരി, കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
റിയാദില്‍ നിന്നെത്തിയ അര്‍ബുദത്തിന് ചികിത്സയിലുള്ള കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും രണ്ട് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റി. ഇതില്‍ ഒരാള്‍ക്ക് അലര്‍ജിയും മറ്റൊരാള്‍ക്ക് പനിയും ചുമയുമാണ് കണ്ടെത്തിയത്. പൂര്‍ണ ഗര്‍ഭിണിയായ എറണാകുളം സ്വദേശിനിയെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഇവര്‍ കളമശ്ശേരിയില്‍ തന്നെ തുടര്‍ ചികിത്സ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടേക്ക് മാറ്റിയത്. ദുബൈയില്‍ നിന്ന് വ്യാഴാഴ്ച രാത്രി കരിപ്പൂരിലെത്തിയ വനിതയുള്‍പ്പടെ നാലു യാത്രക്കാരെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രണ്ടു മലപ്പുറം സ്വദേശികള്‍ക്കും വയനാട് കാസര്‍ക്കോട് സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.
യാത്രക്കാര്‍ക്ക് പ്രത്യക്ഷത്തില്‍ കൊവിഡ് ലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തില്‍ കഴിയുന്നവരെ മുഴുവന്‍ ഒരാഴ്ചക്ക് ശേഷം വീണ്ടും കൊവിഡ് പരിശോധന നടത്തും. തുടര്‍ന്നാണ് ഇവരെ നിരീക്ഷണത്തില്‍ നിന്നൊഴിവാക്കുക. മടങ്ങിയെത്തുന്ന ഓരോരുത്തരെ കുറിച്ചും ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും വിമാനത്താവളത്തില്‍ വെച്ച് കൃത്യമായ കണക്കുകളും ശേഖരിക്കുന്നുണ്ട്.
റിയാദില്‍ നിന്നെത്തിയ
അയല്‍ സംസ്ഥാനക്കാരും
ക്വാറന്റൈനില്‍
കൊണ്ടോട്ടി: റിയാദില്‍ നിന്ന് വെളളിയാഴ്ച കരിപ്പൂരിലെത്തിയവരില്‍ പ്രവാസികളില്‍ അയല്‍ സംസ്ഥാനത്തുള്ളവരെയും ക്വാറന്റൈനിലാക്കി. 10 അംഗ സംഘത്തില്‍ മൂന്നുപേരെ അവരവരുടെ വീടുകളിലും എത്തിച്ചു.
കര്‍ണാടക സ്വദേശികളായ എട്ടു പേരും തമിഴ്‌നാട് സ്വദേശികളായ രണ്ടു യാത്രക്കാരുമാണ് കരിപ്പൂരിലെത്തിയത്. ഇവരില്‍ ഏഴ് കര്‍ണാടക സ്വദേശികളെ ഇവരുടെ ആവശ്യ പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ട കൊവിഡ് കെയര്‍ സെന്ററിലാക്കി മാറ്റി. കര്‍ണാടക സ്വദേശിയായ ഒരാളും തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരും വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.
കരിപ്പൂരിലെത്തുക
ഇനി രണ്ടു
വിമാനങ്ങള്‍ കൂടി
കൊണ്ടോട്ടി: പ്രവാസികളുടെ മടങ്ങിവരവിനായി ഇനി കരിപ്പൂരിലേക്ക് രണ്ടു വിമാനങ്ങള്‍ കൂടി. തിങ്കളാഴ്ച ബഹ്‌റൈയിനില്‍ നിന്നും ബുധനാഴ്ച കുവൈറ്റില്‍ നിന്നുമാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രണ്ടുവിമാനങ്ങളിലും 170 യാത്രക്കാരാണ് എത്തുക. കരിപ്പൂരില്‍ നിലവില്‍ ദുബൈ, റിയാദ് സെക്ടറില്‍ നിന്നാണ് ഓരോ വിമാനങ്ങളെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."