മലബാറില്‍ ശ്രീലങ്കന്‍ കരവിരുത്
കണ്ണൂര്‍: സാംസ്‌കാരിക വൈവിധ്യങ്ങളുടെ സംഗമഭൂമിയായി മാറിയ മലബാര്‍ ക്രാഫ്റ്റ് മേളയില്‍ ശ്രീലങ്കന്‍ കലാകാരന്‍മാരുടെ കരവിരുത് ശ്രദ്ധേയമാകുന്നു. രണ്ടു സ്റ്റാളുകളിലായി 11 ശ്രീലങ്കന്‍ കലാകാരന്‍മാരാണ് മേളയിലുള്ളത്. ശ്രീലങ്കന്‍ സംസ്‌കാരവും കരകൗശല വിസ്മയവും ഇവരുടെ സ്റ്റാളുകളില്‍ കാണാം.
മണ്ണില്‍നിന്ന് ആഴത്തില്‍ കുഴിച്ചെടുക്കുന്ന രത്‌ന പൊടികള്‍ കൊണ്ടുള്ള വിവിധ രൂപങ്ങള്‍, കടലാസുകളില്‍ നിര്‍മിച്ച നിത്യോപയോഗ വസ്തുക്കള്‍ എന്നിവയെല്ലാം സ്റ്റാളുകളില്‍ ലഭ്യമാണ്.
ബാഗ്, അലങ്കാര വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, പഴ്‌സ് തുടങ്ങിയവയാണ് കടലാസ് കൊണ്ടുള്ള നിര്‍മാണം.
കൂടാതെ മരത്തടിയുടെ പ്രതലത്തിലേക്ക് വ്യത്യസ്ത നിറങ്ങളിലുള്ള കല്ലുപൊടികള്‍ ചേര്‍ത്തുള്ള രൂപങ്ങള്‍ ശ്രീലങ്കന്‍ സ്വദേശിനി മധുകയുടെ കലാസൃഷ്ടിയാണ്. മധുകയുടെ ഭര്‍ത്താവ് ശ്രീലങ്കയിലെ കെലനിയ യൂനിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് അധ്യാപകനായ ഇന്ദികയാണ് മേളയില്‍ കലാസൃഷ്ടികളെ പരിചയപ്പെടുത്തുന്നത്. സിംഹള ഭാഷ മാത്രമറിയുന്ന ശ്രീലങ്കന്‍കാരുമായി സംസാരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇന്ദികയാണ് മോഡറേറ്ററായി നില്‍ക്കുന്നത്.
180ലേറെ സ്റ്റാളുകളിലായി 200ലധികം കലാകാരന്‍മാരുടെ വൈവിധ്യങ്ങളായ കരകൗശല നിര്‍മിതികളാണ് മേളയിലുള്ളത്. രാവിലെ 11 മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രദര്‍ശനം. ഒന്‍പത് വരെ കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ മേളയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."