വ്യത്യസ്ത കവര്‍ നമ്പറില്‍ അനുമതി ലഭിച്ച കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ച് യാത്രക്ക് അവസരം
നെടുമ്പാശ്ശേരി: ഹജ്ജ് കര്‍മത്തിന് അവസരം ലഭിച്ച കുടുംബാംഗങ്ങള്‍ വ്യത്യസ്ത കവര്‍ നമ്പറുകളില്‍ ആണെങ്കിലും ഒരുമിച്ച് യാത്രക്ക് അവസരം ഒരുക്കുന്നു.
ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ചിട്ടുള്ളവര്‍ ഇതിനായി ഈ കവര്‍ നമ്പറുകള്‍ യോജിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രത്യേകമായി അപേക്ഷ സമര്‍പ്പിക്കണം.
തീര്‍ഥാടകര്‍ക്കുള്ള കെട്ടിടങ്ങള്‍ അനുവദിക്കുകയും വിമാനത്തിലെ യാത്രക്കാരുടെ ക്രമീകരണങ്ങള്‍ നടത്താനും ആരംഭിക്കുന്ന ജൂണ്‍ 30 ന് മുന്‍പായി ഈ അപേക്ഷകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ലഭിച്ചിരിക്കണം.
ഇത്തരം അപേക്ഷകര്‍ക്ക് ഒരേ വിമാനത്തില്‍ യാത്ര ചെയ്യാനും ഒരേ കെട്ടിടത്തിലോ ഒരു മുറിയില്‍ തന്നെയോ താമസത്തിനും അവസരം ഒരുക്കാനാണ് ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം.
പലപ്പോഴും നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ രണ്ട് കവറില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടി വരുന്നുണ്ട്.
സഊദി അറേബ്യയിലെ ഹജ്ജ് വിഭാഗത്തില്‍ തീര്‍ഥാടകരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് കവറുകള്‍ യോജിപ്പിക്കാനോ താമസ സ്ഥലം മാറ്റി നല്‍കാനോ കഴിയില്ല.
ആരോഗ്യ പ്രശ്‌നങ്ങളോ മറ്റെന്തെങ്കിലും കുഴപ്പങ്ങളോ ഉള്ളവര്‍ പ്രത്യേക പരിചരണം ആവശ്യമാണെങ്കില്‍ ഇക്കാര്യം യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്നെ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും ഹജ്ജ് കമ്മിറ്റി നിര്‍ദേശിക്കുന്നു.
ഇവര്‍ക്ക് മക്കയിലും മദീനയിലും പ്രത്യേക പരിഗണന നല്‍കാനും സൗകര്യമൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."