ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഫൈനലില്‍
വെസ്റ്റ് വാന്ക്കോവര് (കാനഡ): ഇന്ത്യയുടെ വനിതാ ഹോക്കി ടീം വേള്‍ഡ് ലീഗ് റൗണ്ട് രണ്ട് പോരാട്ടത്തിന്റെ ഫൈനലിലെത്തി. സെമിയില്‍ ബെലാറസിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്താണു ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റം. ഫൈനലില്‍ ചിലിയാണു ഇന്ത്യയുടെ എതിരാളികള്‍. നേരത്തെ സെമിയിലെത്തിയതോടെ ഇന്ത്യക്ക് ജൂണ്‍- ജൂലൈയില്‍ നടക്കുന്ന വനിത ഹോക്കി വേള്‍ഡ് ലീഗ് പോരാട്ടത്തിന്റെ സെമി ബെര്‍ത്തുറപ്പിക്കാന്‍ സാധിച്ചു. ഒപ്പം 2018ലെ എഫ്.ഐ.എച് വനിതാ ലോകകപ്പിലേക്കുള്ള യോഗ്യതയും ഇന്ത്യ സ്വന്തമാക്കി.
ബെലാറസിനെതിരായ സെമിയില്‍ ക്യാപ്റ്റന്‍ റാണിയും ഗുര്‍ജിത് കൗറും ഇന്ത്യക്കായി ഇരട്ട ഗോളുകള്‍ നേടി. തുടക്കത്തില്‍ ഇന്ത്യക്കെതിരേ ബെലാറസിനു അനുകൂലമായി രണ്ടു പെനാല്‍റ്റികള്‍ ലഭിച്ചെങ്കിലും പ്രതിരോധ മികവിനാല്‍ അതു തടഞ്ഞ ഇന്ത്യ പിന്നീടു കടുത്ത ആക്രമണം നടത്തിയാണു മത്സരത്തില്‍ പിടിമുറുക്കിയത്. 13ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഗുര്‍ജിത് കൗര്‍ ഇന്ത്യക്കു ലീഡ് സമ്മാനിച്ചു. 20ാം മിനുട്ടില്‍ ക്യാപ്റ്റന്‍ റാണിയും പെനാല്‍റ്റി വയിലാക്കിയതോടെ ഇന്ത്യ ലീഡുയര്‍ത്തി.
ഇന്ത്യന്‍ വനിതകള്‍ ചടുല നീക്കങ്ങളുമായി വേഗതയാര്‍ന്ന കളിയാണു പുറത്തെടുത്തത്. 40ാം മിനുട്ടില്‍ ഫീല്‍ഡ് ഗോളിലൂടെ റാണി തന്റെ ഇരട്ട ഗോളും ടീമിന്റെ മൂന്നാം ഗോളും കുറിച്ചു. എടുത്ത രണ്ടാം പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ച് ഗുര്‍ജിത് കൗര്‍ 58ാം മിനുട്ടില്‍ ഇന്ത്യയുടെ നാലാം ഗോളും അക്കൗണ്ടിലാക്കി.
ലാറ്റിനമേരിക്കന്‍ പോരാട്ടം കണ്ട രണ്ടാം സെമിയില്‍ ചിലി- ഉറുഗ്വെയെ വീഴ്ത്തിയാണു കലാശപ്പോരിനെത്തുന്നത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ചിലിയുടെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."