സാം വധം: ഭാര്യക്കും കാമുകനും തടവ് ശിക്ഷ
കൊല്ലം:പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാം ആസ്‌ത്രേലിയയില്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യക്കും കാമുകനും തടവ് ശിക്ഷ. ഭാര്യ സോഫിയക്ക് ഇരുപത്തിരണ്ടും കാമുകന്‍ അരുണ്‍ കമലാസന് 27വര്‍ഷവുമാണ് ശിക്ഷ. ഇരുവര്‍ക്കും15 വര്‍ഷം കഴിഞ്ഞ് മാത്രമേ പരോള്‍ ലഭിക്കൂ. മെല്‍ബണിലെ യു.എ.ഇ എക്‌ചേഞ്ച് ജീവനക്കാരനായിരുന്ന സാമിനെ 2015 ഒക്ടോബര്‍13ന് ജ്യൂസില്‍ സയനൈഡ് കലക്കി ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. വാദം കേട്ട വിക്ടോറിയന്‍ സുപ്രിം കോടതിയാണ് വിധി പറഞ്ഞത്. സോഫിയയും അരുണ്‍ കമലാസനും കോടതിയിലെത്തിയിരുന്നു.
മെല്‍ബണ്‍ എപ്പിംഗിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സാം എബ്രഹാമിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെന്നായിരുന്നു സോഫിയ പൊലിസിനെ അറിയിച്ചിരുന്നത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സയനൈഡ് ഉള്ളില്‍ച്ചെന്നാണ് മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായി. സോഫിയക്കും കാമുകന്‍ അരുണിനും ഒരുമിച്ച് ജീവിക്കാനാണ് സാമിനെ കൊന്നതെന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. സാമിന്റെ മരണ ശേഷം ഇരുവരും ഒരുമിച്ച് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും ആറായിരത്തോളം ടെലിഫോണ്‍ സംഭാഷണങ്ങളും കേസില്‍ നിര്‍ണായക തെളിവായി. ഒന്‍പത് വയസുള്ള മകനെ കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന സോഫിയയുടെ അപേക്ഷ കോടതി തള്ളി. ശിക്ഷയില്‍ സന്തോഷമുണ്ടെന്ന് സാം എബ്രഹാമിന്റെ പിതാവ് മാത്യൂസ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."