തോട്ടം മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് പ്ലാന്റേഷന്‍ പോളിസി തയാറാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: തോട്ടംമേഖലയിലെ പ്രശ്‌ന പരിഹാരത്തിന് പ്ലാന്റേഷന്‍ പോളിസി തയാറാക്കാന്‍ തൊഴില്‍ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപേക്ഷിക്കപ്പെട്ടതും പ്രവര്‍ത്തനരഹിതമായി കിടക്കുന്നതുമായ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുകയോ അല്ലെങ്കില്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ധനസഹായം നല്‍കി പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യും. തോട്ടം നടത്താന്‍ സന്നദ്ധതയുള്ള സ്വകാര്യ കമ്പനികള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങളോടെ തോട്ടത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തരുതെന്ന വ്യവസ്ഥയില്‍ കൈമാറി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും വിധം ആവശ്യമായ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ വകുപ്പ് നിലവില്‍ തയാറാക്കിയിരിക്കുന്ന ലാന്‍ഡ് ലീസ് ആക്ടിന്റെ പരിധിയില്‍ ഇക്കാര്യംകൂടി കൊണ്ടുവരുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കും. തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് ആവശ്യമായ നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എസ്റ്റേറ്റിലെ എല്ലാ ലയങ്ങളും വളരെ പഴക്കമുള്ളതും ജീര്‍ണാവസ്ഥയിലുള്ളതുമാണ്. ഇവ നവീകരിക്കല്‍ പ്രായോഗികമല്ലാത്തതിനാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലാളികള്‍ക്ക് ആവശ്യമായ വാസഗൃഹങ്ങള്‍ നിര്‍മിക്കും. ഇതിന് ആവശ്യമായി വരുന്ന ചെലവിന്റെ 50 ശതമാനം വീതം സര്‍ക്കാരും തോട്ടം ഉടമകളും വഹിക്കും. തോട്ടം ഉടമകളുമായി ഒരു കരാര്‍ ഉടമ്പടി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."