പ്രതികളുടെ അറസ്റ്റ്; പെണ്‍കരുത്തിന്റെ വിജയമായി നിരാഹാര സമരം
നാദാപുരം: ഭരണതലത്തിലെ സ്വാധീനം ഉപയോഗിച്ച് തേച്ചുമായ്ക്കാന്‍ ശ്രമിച്ച ജിഷ്ണു കൊലക്കേസ് പുതിയ വഴിത്തിരിവിലെത്തിച്ചത് പെണ്‍കരുത്തിന്റെ ചോരാത്ത ആര്‍ജവം.
മഹിജയെന്ന അമ്മമനസിന്റെ നിശ്ചദാര്‍ഢ്യവും മനക്കരുത്തുമായിരുന്നു സമരത്തിന്റെ മുന്‍നിരയില്‍ ജ്വലിച്ചുനിന്നത്. കേസില്‍ പ്രതികളെ പിടികൂടുന്നതിനു പിന്നിലെയും പ്രധാന ഹേതു ഈ പെണ്‍കരുത്തിന്റെ നിലയ്ക്കാത്ത സമരവീര്യമായിരുന്നു.
കേസിലെ ഒന്നാം പ്രതി കൃഷ്ണപ്രസാദിന് ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം ലഭിക്കാനിടയാക്കിയത് പ്രോസിക്യൂഷന്റെ പരാജയം മൂലമാണെന്ന പരാതി ഉയര്‍ന്നതോടെയാണ് നേരത്തെ കേസില്‍ ഹാജരായ പ്രോസിക്യൂട്ടറെ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. തൊണ്ണൂറു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനുള്ള ഒരു നടപടിയും പൊലിസിന്റെ ഭാഗത്തു നിന്ന് ഇല്ലാതായതോടെയാണ് ഇവരുടെ കുടുംബം തിരുവനന്തപുരത്തേക്കു സമരത്തിനായി യാത്ര തിരിച്ചത്.
മഹിജക്ക് പിന്തുണയുമായി മകള്‍ അവിഷ്ണ വളയത്തെ വീട്ടില്‍ തുടങ്ങിയ സമരത്തെ പ്രദേശത്തെ ജനങ്ങള്‍ ഏറ്റെടുത്തതോടെ ജനകീയ സമരത്തിനു വഴിമാറുകയായിരുന്നു. നാലു ദിവസമായി വളയത്ത് അവിഷ്ണയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട ആശങ്ക നിലനില്‍ക്കുകയായിരുന്നു.
അവിഷ്ണയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു നീക്കണമെന്ന പൊലിസിന്റെയും ആരോഗ്യവകുപ്പിന്റെയും നീക്കങ്ങള്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നു മാറ്റിവച്ചെങ്കിലും ഇന്നലെ വൈകിട്ട് വരെ പൊലിസിനെ കുഴക്കിയ പ്രധാന വിഷയം അവിഷ്ണയുടെ ആരോഗ്യനിലയായിരുന്നു. എന്നാല്‍ സമരം നിര്‍ത്താനുള്ള തീരുമാനം വന്നതോടെ പൊലിസിനും ആരോഗ്യവകുപ്പിനും ഏറെ ആശ്വാസമായിരിക്കുകയാണ്. ചങ്കുറപ്പോടെ മകന്റെ മരണത്തിനുത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പോരാട്ടത്തിനിറങ്ങിയ അമ്മയുടെയും പതിനാലു വയസുകാരി മകളുടെയും പോരാട്ടവീര്യം തന്നെയായിരുന്നു സമരത്തിന്റെ വിജയവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."