കേസ് തീര്‍പ്പാക്കുന്നതു വേഗത്തിലാകും; ഹൈക്കോടതി ഭേദഗതി ബില്‍ പാസായി
തിരുവനന്തപുരം: കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ തീര്‍പ്പ് വേഗത്തിലാക്കാന്‍ ലക്ഷ്യമിടുന്ന 2018ലെ കേരള ഹൈക്കോടതി (ഭേദഗതി) നിയമം പാസാക്കി. വാഹനാപകട നഷ്ടപരിഹാര കേസിലടക്കം 40 ലക്ഷം രൂപവരെയുള്ള അവകാശവാദങ്ങള്‍ സംബന്ധിച്ച അപ്പീല്‍ കേസുകള്‍ ഹൈക്കോടതി സിംഗിള്‍ ജഡ്ജിക്ക് പരിഗണിക്കാമെന്നതുള്‍പ്പെടെയുള്ളവ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിയാണ് ഇന്നലെ നിയമ സഭ പാസാക്കിയത്.
നിലവില്‍ അവകാശവാദം ഒരു ലക്ഷം രൂപയില്‍ കവിയുന്ന അപ്പീല്‍ കേസുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കണമെന്നതാണ് വ്യവസ്ഥ. മുന്‍സിഫ് കോടതി പരിഗണിക്കാവുന്ന കേസുകളില്‍ ഒരു ലക്ഷത്തില്‍നിന്ന് 10 ലക്ഷമായി ഉയരും. ജില്ലാ കോടതിയുടെയും സബോര്‍ഡിനേറ്റ് കോടതിയുടെയും ഇതു സംബന്ധിച്ച അധികാരം രണ്ടുലക്ഷം രൂപ പരിധിയില്‍നിന്ന് 20 ലക്ഷമാക്കാനും വ്യവസ്ഥയുണ്ട്. കോടതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്ന മറ്റു നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബില്‍ സഭയില്‍ അവതരിപ്പിച്ച നിയമ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
ക്രിമിനല്‍ കോടതികളില്‍ 460 ക്ലറിക്കല്‍ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ലീഗല്‍ സര്‍വിസ് അതോറിറ്റിയിലെ ജീവനക്കാരുടെ നിയമനങ്ങള്‍ക്ക് സമാന സ്വഭാവമുള്ള മറ്റ് തസ്തികകളുടെ വ്യവസ്ഥയില്‍ നിന്ന് ഇളവു നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പരിഭാഷകരുടെ 260 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."