കണ്ണൂര്‍ വിമാനത്താവളം: ഉഡാന്‍ പദ്ധതിയില്‍നിന്ന് പിന്‍മാറാന്‍ വിമാനത്താവള കമ്പനി ആവശ്യപ്പെട്ടു
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ റീജ്യനല്‍ കണക്റ്റിവിറ്റി പദ്ധതിയായ 'ഉഡാന്‍' പദ്ധതിയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളം പിന്‍മാറണമെന്നു വിമാനത്താവള കമ്പനി അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കെ.സി ജോസഫിന്റെ സബ്മിഷനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ചെന്നൈ, ബംഗളൂരു, ഹൂബ്ലി, ഹിന്‍ഡന്‍, മുംബൈ, കൊച്ചി, ഗോവ, തിരുവനന്തപുരം തുടങ്ങിയ റൂട്ടുകളില്‍ 24 ആഭ്യന്തര സര്‍വിസുകള്‍ നടത്തുന്നതിന് സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാന കമ്പനികളെ ഉഡാന്‍ പദ്ധതിയിലൂടെ അനുവദിക്കുന്നതിന് ഉത്തരവായിരുന്നു.
എന്നാല്‍ ഈ പദ്ധതിയില്‍പ്പെടുത്തി വിമാന സര്‍വിസുകള്‍ നടത്തിയാല്‍ വലിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുകയില്ലെന്നും അതിനാല്‍ താരിഫ് നിര്‍ണയിക്കാനാവില്ലെന്നും വിമാനത്താവള കമ്പനി അധികൃതര്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
താരിഫ് നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് ഇക്കണോമിക്ക് റെഗുലേറ്ററി അതോറിറ്റി നടത്തിയ യോഗത്തില്‍ 'ഉഡാന്‍'പദ്ധതിയുള്ള വിമാനത്താവളത്തില്‍ താരിഫ് നിര്‍ണയം പ്രതിസന്ധിയുണ്ടാക്കുമെന്ന പ്രശ്‌നം വന്നു. ഈ സാഹചര്യത്തിലാണ് 'ഉഡാന്‍' സ്‌കീമില്‍നിന്ന് പിന്മാറണമെന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ അഭ്യര്‍ഥന ഉണ്ടായത്.
ഇത് സംബന്ധിച്ച് തീരുമാനം അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."