മിശ്രവിവാഹിതര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിച്ചു; ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
ലക്‌നൗ: മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാന്‍ ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫിസറെ സ്ഥലം മാറ്റി. ഉത്തര്‍പ്രദേശിലെ ലക്‌നൗ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫിസിലെ ഉദ്യോഗസ്ഥനെയാണ് സ്ഥലം മാറ്റിയത്.
തന്‍വി സേത്ത് ഭര്‍ത്താവ് അനസ് സിദ്ദീഖി എന്നിവരെയാണ് രത്തന്‍ സ്‌ക്വയര്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ വികാസ് മിശ്ര മതത്തിന്റെ പേരില്‍ പരസ്യമായി ഭീഷണിപ്പെടുത്തിയത്. തന്‍വിക്ക് പുതിയതായി പാസ്‌പോര്‍ട്ട് എടുക്കാനും അനസിന്റെ പാസ്‌പോര്‍ട്ട് പുതുക്കാനുമായി എത്തിയതായിരുന്നു ഇവര്‍.
പാസ്‌പോര്‍ട്ടിനായുള്ള തന്റെ രേഖകള്‍ പരിശോധിക്കവേ, 'ഒരു മുസ്‌ലിമിനെ വിവാഹം ചെയ്‌തെങ്കില്‍ അയാളുടെ പേര് ഒപ്പം ചേര്‍ക്കണം. അല്ലാതെ പഴയ പേര് കൊണ്ടുനടക്കുകയല്ല വേണ്ടത്' എന്ന് മിശ്ര ആക്രോശിക്കുകയായിരുന്നെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ടാഗ് ചെയ്ത ട്വീറ്റില്‍ തന്‍വി കുറിച്ചിരുന്നു. 'എന്റെ രേഖകളെല്ലാം കൃത്യമായിരുന്നു. എന്നിട്ടും ഫയല്‍ തടഞ്ഞു വച്ചു. ഭര്‍ത്താവ് അനസിനെയും ഓഫിസര്‍ അപമാനിച്ചു. പാസ്‌പോര്‍ട്ട് പുതുക്കണമെങ്കില്‍ അദ്ദേഹം ഹിന്ദുമതത്തിലേക്ക് മാറണം എന്ന് ആവശ്യപ്പെട്ടു. ഇത്രയും മതവര്‍ഗീയതോടെ പെരുമാറുന്നത് ഹൃദയം തകര്‍ക്കുന്നതാണ്' തന്‍വി ട്വിറ്ററില്‍ കുറിച്ചു.
യുവതിയുടെ ട്വീറ്റ് വൈറലായതോടെ പാസ്‌പോര്‍ട്ട് ഓഫിസര്‍ക്കെതിരേ അധികാരികള്‍ നടപടിയെടുക്കുകയായിരുന്നു. ഗൊരഖ്പൂരിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയത്. ദമ്പതികളോട് അപമര്യാദയായി പെരുമാറിയതിന് കാരണംകാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്. അധികൃതര്‍ ഇവര്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
2007ല്‍ വിവാഹിതരായ ഇരുവര്‍ക്കും ഒരു മകളുണ്ട്. നോയിഡ ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഇരുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."