ജലസ്രോതസുകള്‍ നശിക്കുന്നു; നാട് വരള്‍ച്ചാ ഭീഷണിയില്‍
കക്കട്ടില്‍: നാട് ഗുരുതരമായ ജലക്ഷാമത്തിലേക്ക് നീങ്ങുമ്പോള്‍ അധികൃതരുടെ അനാസ്ഥയും അശ്രദ്ധയും ജലസ്രോതസ്സുകള്‍ നശിക്കാനിടയാക്കുന്നു. പ്രധാന നീരൊഴുക്കുകള്‍ പോലും സംരക്ഷണമില്ലാതെ നാമാവശേഷമാവുകയാണ്. പ്രളയത്തിന് ശേഷം വെള്ളം പിടിച്ചു നിര്‍ത്താനുള്ള മണ്ണിന്റെ ശേഷി കുറഞ്ഞതും ആശങ്കയുയര്‍ത്തുന്നുണ്ട്.
ജലസംഭരണത്തിന് വേണ്ടത്ര പ്രാധാന്യവും, ശ്രദ്ധയും നല്‍കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കുന്നുമ്മല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ കുളങ്ങരത്ത് സംസ്ഥാന പാതയോരത്ത് റവന്യൂ ഭൂമിയിലെ പാറക്കുളങ്ങള്‍ നാശത്തിന്റെ വക്കിലാണ്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് വര്‍ഷം മുന്‍പ് കെട്ടി സംരക്ഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇത് മലിന ജലസംഭരണിയായി മാറിയിരിക്കുകയാണ്. വാഹനങ്ങള്‍കഴുകാനും, മറ്റുമായി ഇതിലെ വെള്ളം ഉപയോഗിക്കുത്താണ് വെള്ളം മലിനമാകാനിടയാക്കിയത്. ചേലക്കാട് അഗ്‌നി രക്ഷാ നിലയത്തിലേക്ക്, വെള്ളമെടുക്കാനും, ഈ കുളം ഉപയോഗിച്ചിരുന്നു.
കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഉപയോഗ ശൂന്യമായ ഈ കുളം സംരക്ഷിച്ച് നിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാരുടെ നേതൃത്വത്തില്‍ കുളം ശുചീകരിച്ചിരുന്നു. കഴിഞ്ഞ മഴക്കാലത്ത് വെള്ളത്തിന് കറുപ്പ് നിറം ബാധിച്ചത് ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. സംസ്ഥാന പാതയില്‍ നിന്നും 200 മീറ്റര്‍ അകലത്തില്‍ റവന്യൂ പുറമ്പോക്കില്‍ മറ്റൊരു കുളവും ഇതുപോലെ നശിക്കുകയാണ്.
കുന്നുമ്മല്‍, നരിപ്പറ്റ പഞ്ചായത്തുകളില്‍, കഴിഞ്ഞ വേനലില്‍ സന്നദ്ധ സംഘടനകളും, അധികൃതരും കുടിവെള്ള വിതരണത്തിന് പൊതുകിണറുകളെയും, മറ്റും ആശ്രയിച്ചിരുന്നു. ജലസ്രോതസ്സുകള്‍ അശ്രദ്ധ കൊണ്ട് ഉപയോഗശൂന്യമാവുന്നത് തടയാന്‍ പദ്ധതികള്‍ നിലനില്‍ക്കുമ്പോഴാണ് ഈ അവസ്ഥ. കനത്ത ചൂടില്‍, വീടുകളിലെയും മറ്റു പൊതു കിണറുകളിലെയും ജലത്തിന്റെ അളവ് ഇപ്പോള്‍ തന്നെ കുറഞ്ഞുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."