കിരീടം നിലനിര്‍ത്തി പാലക്കാട്
തിരുവനന്തപുരം: ട്രാക്കിലും ഫീല്‍ഡിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച പാലക്കാട് സംസ്ഥാന യൂത്ത് അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്തി.
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഏഴാമതു യൂത്ത് അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ ഏഴു സ്വര്‍ണവും ഒന്‍പത് വീതം വെള്ളിയും വെങ്കലവും നേടി 198 പോയിന്റുമായാണ് പാലക്കാട് ഓവറോള്‍ ചാംപ്യന്‍പ്പട്ടം നിലനിര്‍ത്തിയത്. എട്ട് സ്വര്‍ണവും 12 വെള്ളിയും അഞ്ചു വെങ്കലവും വീതം നേടിയ തിരുവനന്തപുരം 170 പോയിന്റുമായി രണ്ടാമതെത്തി. എട്ടു സ്വര്‍ണം അഞ്ചു വെള്ളി നാലു വെങ്കലം നേടി 100 പോയിന്റുമായി എറണാകുളമാണ് മൂന്നാം സ്ഥാനത്ത്. 89 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്ത് എത്തി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാലു സ്വര്‍ണവും എട്ടു വെള്ളിയും നാലു വെങ്കലവും നേടിയ തിരുവനന്തപുരം 110 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി. മൂന്നു സ്വര്‍ണം അഞ്ചു വീതം വെള്ളിയും വെങ്കലവും നേടി 99 പോയിന്റുമായി പാലക്കാട് രണ്ടാമതെത്തി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാലു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും നേടിയ പാലക്കാട് ഒന്നാമതെത്തി. നാലു വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവും നേടി തിരുവനന്തപുരം 60 പോയിന്റുമായി രണ്ടാമതെത്തി.
മീറ്റിന്റെ അവസാന ദിനത്തില്‍ നാലു റെക്കോര്‍ഡുകള്‍ കൂടി പിറന്നു. 200 മീറ്ററില്‍ ആന്‍സി സോജന്‍ പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചപ്പോള്‍ മൃദുല മരിയ ബാബു റെക്കോര്‍ഡ് മറികടന്ന പ്രകടനം കാഴ്ചവച്ചു. ഡല്‍ന ഫിലിപ്പ് (400 മീറ്റര്‍ ഹര്‍ഡില്‍സ്), മേഘ മറിയം മാത്യു (ഷോട് പുട്ട്), ആദര്‍ശ് ഗോപി (1500 മീറ്റര്‍) എന്നിവരാണ് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്.
ഹര്‍ഡില്‍സില്‍
ഡെല്‍നയാണ് താരം
സായിയുടെ താരമാണ്. എന്നാല്‍ പരിശീലനത്തിനു മതിയായ സൗകര്യങ്ങളില്ല. പരിമിതികള്‍ക്കിടെ ആദ്യമായി 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പോരിനിറങ്ങിയ തലശ്ശേരി സായിയിലെ ഡെല്‍ന ഫിലിപ്പ് റെക്കോര്‍ഡ് സ്വര്‍ണ നേട്ടവുമായാണു ട്രാക്ക് വിട്ടത്. ആദ്യമായാണ് ഡെല്‍ന ഹര്‍ഡില്‍സില്‍ മത്സരിക്കാനിറങ്ങിയത്. 1.5.46 സെക്കന്‍ലാണു ഡെല്‍ന പുതിയ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തിന്റെ എസ് അര്‍ഷിത സ്ഥാപിച്ച 1.5.90 സെക്കന്‍ഡ് സമയം പഴങ്കഥയായി. തലശേരി മുന്‍സിപ്പല്‍ മൈതാനമായിരുന്നു സായ് താരങ്ങളുടെ പരിശീലന കളരി. നവീകരണത്തിന്റെ പേരില്‍ മൈതാനം കുത്തിയിളക്കിയതോടെ പരിശീലനം പ്രതിസന്ധിയിലായി. ഏഴിമല നാവിക അക്കാദമിയുടെ മൈതാനത്താണ് സായി കോച്ച് ജോസ് മാത്യുവിന്റെ കീഴില്‍ ഡെല്‍ന അടക്കമുള്ള താരങ്ങളുടെ പരിശീലനം. പാലക്കാടിന്റെ ജെ വിഷ്ണുപ്രിയ വെള്ളിയും കണ്ണൂരിന്റെ ദില്‍ന ബാബു വെങ്കലവും നേടി.
റെക്കോര്‍ഡ്
കുതിപ്പില്‍ ആന്‍സി
പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ തൃശൂര്‍ നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയുടെ താരമായ ആന്‍സി സോജന്‍ 25.92 സെക്കന്‍ഡില്‍ ഷിനിഷ് ചെയ്തു പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. വെള്ളി നേടിയ തിരുവനന്തപുരത്തിന്റെ മൃദുല മരിയ ബാബുവും (26.01) റെക്കോര്‍ഡ് മറികടന്ന പ്രകടനം കാഴ്ചവച്ചു. കൊല്ലത്തിന്റെ എസ് അശ്വതി വെങ്കലം നേടി. 2011 ല്‍ കണ്ണൂരിന്റെ സി രഖിത സ്ഥാപിച്ച 26.29 സെക്കന്‍ഡ് റെക്കോര്‍ഡാണ് ആന്‍സി മറികടന്നത്. ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ നന്ദു മോഹന്‍ (50.07 സെക്കന്‍ഡ് ) സ്വര്‍ണം നേടി. കോഴിക്കോടിന്റെ കെ റിഥിന്‍ അലി (51.48) വെള്ളിയും പത്തനംതിട്ടയുടെ അനന്ദു വിജയന്‍ വെങ്കലവും നേടി.
1500 ല്‍ ആദര്‍ശ്
ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ എറണാകുളത്തിന്റെ ആദര്‍ശ് ഗോപി റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 4.9.16 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ആദര്‍ശ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. പാലക്കാടിന്റെ ടി പ്രണവ് കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 4.12.51 സെക്കന്‍ഡ് സമയമാണ് ആദര്‍ശ് മറികടന്നത്. തിരുവനന്തപുരത്തിന്റെ താരങ്ങളായ ജെ.എസ് റോഷന്‍ വെള്ളിയും പി.എസ് ജഗനാഥ് വെങ്കലവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ മിന്നു പി റോയി സ്വര്‍ണം നേടിയപ്പോള്‍ എറണാകുളത്തിന്റെ അലീന ജോയി വെള്ളി നേടി. കണ്ണൂരിന്റെ സ്റ്റെല്ല മേരിക്കാണ് വെങ്കലം.
മെഡല്‍ ജേതാക്കള്‍:
2000 മീറ്റര്‍ സ്റ്റീപിള്‍ചേസ് (പെണ്‍) - ജി ഗായത്രി (സ്വര്‍ണം, പാലക്കാട്), റിയ ശ്രീനിവാസന്‍ (വെള്ളി, ഇടുക്കി).
2000 മീറ്റര്‍ സ്റ്റീപിള്‍ചേസ് (ആണ്‍)- റോബിന്‍ വര്‍ഗീസ് (സ്വര്‍ണം, തിരുവനന്തപുരം), അലന്‍ ജോസ് (വെള്ളി, തിരുവനന്തപുരം), ജെബിന്‍ ബാബു (വെങ്കലം, കോഴിക്കോട്).
5000 മീറ്റര്‍ നടത്തം - എ ദിവ്യ (സ്വര്‍ണം, പാലക്കാട്), ഇ വൈദേഹി (വെള്ളി, പാലക്കാട്), ആര്‍ ആതിര (വെങ്കലം, എറണാകുളം).
10000 മീറ്റര്‍ നടത്തം - എ.എം മുഹമ്മദ് അഫ്ഷാന്‍ (സ്വര്‍ണം, കണ്ണൂര്‍), കെ.ആര്‍ അഭിരാഗ് (വെള്ളി, പാലക്കാട്), ഡി.കെ നിഷാന്ത് (വെങ്കലം, പാലക്കാട്).
ലോങ് ജംപ് (പെണ്‍)- ജെറീന ജോണ്‍ (സ്വര്‍ണം, കണ്ണൂര്‍), ആഷ്‌ന ഷാജി (വെള്ളി, കണ്ണൂര്‍), ആന്‍സി സോജന്‍ (വെങ്കലം, തൃശൂര്‍).
ട്രിപ്പിള്‍ ജംപ് (പെണ്‍)- സാന്ദ്ര ബാബു (സ്വര്‍ണം, എറണാകുളം), മെറിന്‍ ബിജു (വെള്ളി, എറണാകുളം), അപര്‍ണ കെ. നായര്‍ (വെങ്കലം, ഇടുക്കി).
ട്രിപ്പിള്‍ ജംപ് (ആണ്‍)- എ അജിത് (സ്വര്‍ണം, പാലക്കാട്), ആകാശ് എം വര്‍ഗീസ് (വെള്ളി, കോട്ടയം), എസ് സുജിന്‍ (വെങ്കലം, പാലക്കാട്).
ഹൈ ജംപ് (ആണ്‍)- കെ.എസ് അനന്തു (സ്വര്‍ണം, തൃശൂര്‍), സി.ആര്‍ അനന്തു (വെള്ളി, തൃശൂര്‍), അലന്‍ ജോസ് (വെങ്കലം, ഇടുക്കി).
പോള്‍ വാള്‍ട്ട് (പെണ്‍)- നിവ്യ ആന്റണി (സ്വര്‍ണം, പാലക്കാട്), മാളവിക രമേശ് (വെള്ളി, തിരുവനന്തപുരം), വി.എസ് സൗമ്യ (വെങ്കലം, കോഴിക്കോട്).
പോള്‍ വാള്‍ട്ട് (ആണ്‍)- അര്‍ജുന്‍ തങ്കച്ചന്‍ (സ്വര്‍ണം, കോഴിക്കോട്), അശ്വിന്‍ ജീവന്‍ (വെള്ളി, ആലപ്പുഴ).
ഷോട് പുട്ട് (പെണ്‍)- മേഘ മറിയം മാത്യു (സ്വര്‍ണം, തിരുവനന്തപുരം), അശ്വതി ശ്രീധരന്‍ (വെള്ളി, തിരുവനന്തപുരം), സി.പി തൗഫീറ (വെങ്കലം, പാലക്കാട്).
ഹാമര്‍ത്രോ (പെണ്‍) - സി പ്രവിത (സ്വര്‍ണം, പാലക്കാട്), അനീഷ അഗസ്റ്റിന്‍ (വെള്ളി, എറണാകുളം), കെ നിജില (വെങ്കലം, കാസര്‍കോട്).
ഡിസ്‌കസ് ത്രോ (ആണ്‍) - അലക്‌സ് പി തങ്കച്ചന്‍ (സ്വര്‍ണം, എറണാകുളം), കെ.സി സിദ്ധാര്‍ഥ് (വെള്ളി, കാസര്‍കോട്), എസ്.എസ് അര്‍ജുന്‍ (വെങ്കലം, തിരുവനന്തപുരം).
ജാവലിന്‍ ത്രോ (ആണ്‍)- വിഗ്നേഷ് ആര്‍ നമ്പ്യാര്‍ (സ്വര്‍ണം, കോഴിക്കോട്), എസ് പ്രിഥിന്‍ (വെള്ളി, തിരുവനന്തപുരം), കെന്‍പോള്‍ (വെങ്കലം, എറണാകുളം).
ഹെപ്റ്റാത്ത്‌ലണ്‍ - ഹെലന്‍ സജി (സ്വര്‍ണം, ഇടുക്കി), ജി രേഷ്മ (വെള്ളി, ആലപ്പുഴ), എസ് രൂപിക (വെങ്കലം, പാലക്കാട്).
ഡെക്കാത്ത്‌ലണ്‍ (ആണ്‍) - കെ.പി അര്‍ജുന്‍ (സ്വര്‍ണം, തിരുവനന്തപുരം), ദേവനാരായണ്‍ പൈയ്യൂര്‍ (വെള്ളി, തിരുവനന്തപുരം), എം റോബിന്‍ ജോണ്‍ (വെങ്കലം, തൃശൂര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."