മദീന ആക്രണം നടത്തിയത് മുന്‍ സൈനികനെന്ന് ആഭ്യന്തര മന്ത്രാലയം
ജിദ്ദ: മസ്ജിദുന്നബവിയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ശ്രമിച്ച നാഇര്‍ അല്‍ബലവി മുന്‍ സൈനികനെന്ന് ആഭ്യന്തര മന്ത്രാലയം. മൂന്നു വര്‍ഷം മുമ്പുവരെ നാഇര്‍ അതിര്‍ത്തി രക്ഷാ സേനയില്‍ ഉദ്യോഗസഥനായിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചത് അടക്കമുള്ള കാരണങ്ങള്‍ക്ക് നാഇറിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയായിരുന്നു.
തബൂക്കിലാണ് നാഇര്‍ താമസിച്ചിരുന്നത്. ഇയാളുടെ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും അല്‍വജിലാണ് കഴിയുന്നത്. ഇടക്കിടക്ക് തബൂക്കില്‍ നിന്ന് അല്‍വജിലെത്തി നാഇര്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാറുണ്ട്.
ഏറ്റവും ഒടുവില്‍ റമദാനിനു തൊട്ടുമുമ്പുള്ള മാസം അല്‍വജില്‍ മാതാപിതാക്കള്‍ക്കൊപ്പം ഇയാള്‍ കഴിഞ്ഞിരുന്നു. ഇതിന് ശേഷം നാഇര്‍ അപ്രത്യക്ഷനാവുകയായിരുന്നു. റമദാന്‍ 25ന് മാതാപിതാക്കളെ ഫോണ്‍ ചെയ്ത് താന്‍ മക്കയിലേക്ക് പോവുകയാണെന്ന് ഇയാള്‍ അറിയിച്ചിരുന്നു. അല്‍വജില്‍ കുടുംബ വീട്ടില്‍ കഴിയുന്നതിനിടെ നാഇറിന്റെ മൊബൈല്‍ ഫോണില്‍ ഭീകരരുടെ ക്ലിപ്പിങുകള്‍ സഹോദരി കണ്ടെത്തിയിരുന്നു.
ഇക്കാര്യം അറിഞ്ഞ സഹോദരി അതേക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നതായി നാഇറിന്റെ സഹോദരന്‍ ഫഹദ് അല്‍ബലവി പറഞ്ഞു. നാഇറിന്റെ പ്രവൃത്തി കുടുംബത്തില്‍പ്പെട്ട ആരും അംഗീകരിക്കുന്നില്ലെന്നും അല്ലാഹുവും പ്രവാചകനും ഇഷ്ടപ്പെടാത്ത പ്രവൃത്തിയാണ് സഹോദരന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നും ഫഹദ് പറഞ്ഞു.
അതിനിടെ സഊദിയില്‍ മൂന്നിടങ്ങളില്‍ നടന്ന ചാവേര്‍ സ്‌ഫോടണത്തില്‍ ഭീകരര്‍ ഉപയോഗിച്ചത് നൈട്രോ ഗ്ലിസറിന്‍ എന്ന രാസ വസ്തുവാണെന്ന് കണ്ടെത്തി. ഇതു അതിമാരക പ്രഹര ശേഷിയുള്ള സ്‌ഫോടക വസ്തുവാണെന്ന് ആഭ്യന്തര മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സ്‌ഫോടനം നടത്തിയ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്ത അവിശിഷ്ടങ്ങള്‍ വിശദ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് നൈട്രോ ഗ്ലിസറിന്‍ എന്ന രാസ വസ്തുവാണ് ഉപയോഗിച്ചതെണ് കണ്ടെത്തിയത്. നിറമില്ലാത്ത ദ്രാവക രൂപത്തിലുള്ള സ്‌ഫോടക വസ്‌കുവാണിത്.
സഊദിയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് ഐ.എസ് പ്രത്യേക താത്പര്യം കാണിക്കുന്നതായി അഭ്യന്തരമന്ത്രാലയം കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച ജിദ്ദയിലുണ്ടായ ചാവേര്‍ സ്‌ഫോടനം ഇതിന് തെളിവാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. 12 വര്‍ഷമായി സഊദിയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവന്ന പാക്കിസ്താനീ യുവാവിനെ ഉപയോഗിച്ചാണ് അമേരിക്കന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം നടത്തുന്നതിന് ഐ.എസ് ശ്രമിച്ചത്. സഊദികളെ അപേക്ഷിച്ച് വിദേശികളെ അത്ര പെട്ടെന്ന് സുരക്ഷാ വകുപ്പുകള്‍ സംശയിക്കില്ല എന്ന കാര്യം മുതലെടുത്താണ് വിദേശികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഐ.എസ് റിക്രൂട്ട് ചെയ്യുന്നത്. അമേരിക്കന്‍ കോണ്‍സുലേറ്റിനു സമീപം ചാവേര്‍ സ്‌ഫോടനം നടത്തിയ പാക്കിസ്താനി ഭാര്യക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കുമൊപ്പമാണ് ജിദ്ദയില്‍ കഴിഞ്ഞിരുന്നത്.
ഫിലിപ്പിനോ യുവതിയടക്കം വിദേശികള്‍ ഉള്‍പ്പെട്ട നാലു ഭീകര സംഘങ്ങളെ വിവിധ പ്രവിശ്യകളില്‍ നിന്ന് അറസ്റ്റ് ചെയ്തതായി കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. സഊദികളും യെമനികളും ഈജിപ്തുകാരും സിറിയക്കാരും അള്‍ജീരിയക്കാരും നൈജീരിയക്കാരും ഛാഢുകാരും അടക്കം 431 പേര്‍ അടങ്ങിയ ഭീകരസംഘങ്ങളെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോവുമെന്നും ഇത്തരം സംഘങ്ങളെപ്പറ്റി അറിയുന്നവര്‍ സര്‍ക്കാരിനെ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
രാജ്യത്തെ യുവാക്കളെ മതത്തിന്റെ പേരില്‍ ഭീകരതയിലേക്ക് പ്രേരിപ്പിക്കുന്നവര്‍ക്ക് സല്‍മാന്‍ രാജാവ് ശക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നു. യുവാക്കളെ ഭീകരതയിലേക്ക് വഴിതിരിച്ച് വിടുന്ന ചിന്താഗതികളെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും രാജാവ് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."