അര്‍ത്തുങ്കല്‍ ഹാര്‍ബര്‍ ഉടന്‍ ടെന്‍ഡര്‍ ചെയ്യും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
അര്‍ത്തുങ്കല്‍: തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ ഫിഷിങ് ഹാര്‍ബറുകള്‍ ഉടന്‍ തന്നെ ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അര്‍ത്തുങ്കല്‍ ഫിഷിങ് ഹാര്‍ബര്‍ രണ്ടാംഘട്ട നിര്‍മാണ പ്രഖ്യാപനവും അര്‍ത്തുങ്കല്‍ മത്സ്യഭവന്‍, മത്സ്യഫെഡ് നടപ്പിലാക്കുന്ന നൂതന പദ്ധതികളുടെ ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ അര്‍ത്തുങ്കല്‍ ഹാര്‍ബര്‍ പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
കേരളത്തിലെ 24 ഹാര്‍ബറുകളും പ്രവര്‍ത്തനക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായവില ലഭിക്കുവാനായി മത്സ്യഫെഡ് സഹകരണ അടിസ്ഥാനത്തില്‍ ശാക്തീകരിക്കും. വരുന്ന രണ്ടുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് കഴിയുന്നത്ര പരിഹാരം കണ്ടെത്തും. മുന്നോടിയായാണ് മത്സ്യഫെഡ് നൂതനപദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വായ്പ കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതി, 40 ശതമാനം സബ്‌സിഡിയോടുകൂടി ഫൈബര്‍ ഗ്ലാസ് വെള്ളം നല്‍കുന്ന പദ്ധതി, മത്സ്യ ഉപകരണങ്ങള്‍ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി തുടങ്ങിയവ. ന്യായമായ സബ്‌സിഡിയോട് കൂടി തൊഴിലാളികള്‍ക്ക് വള്ളവും വലയും സ്വന്തമാക്കാന്‍ സാധിക്കുമെന്നതാണ് നേട്ടം.
അതോടൊപ്പം തന്നെ തൊഴിലാളികളുടെ സുരക്ഷയ്ക്കും സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. ജാക്കറ്റ്, നാവിക്ക്, സാറ്റ്‌ലൈറ്റ് ഫോണുകള്‍ എന്നിവ തൊഴിലാളികള്‍ക്കായി അനുവദിക്കും. രാജ്യസുരക്ഷക്ക് വേണ്ടികൂടെയാണ് മത്സ്യബന്ധനത്തിന് പുറപ്പെടുന്നവരുടെ വിശദമായ വിവരങ്ങള്‍ ശേഖരിക്കുന്നത്. രാജ്യത്തിന്റെ കാവലാളായി മത്സ്യത്തൊഴിലാളികള്‍ മാറുകതന്നെ ചെയ്യും. വരുംവര്‍ഷങ്ങളില്‍ തൊഴിലാളികളെ പൂര്‍ണമായും സുരക്ഷാ കവചത്തിനുള്ളിലാക്കുമെന്നു മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഹാര്‍ബറുകള്‍ക്ക് നയാ പൈസ നല്‍കുന്നില്ല. സംസ്്ഥാന സര്‍ക്കാര്‍ വഴി ലഭിച്ച 15 കോടി രൂപയ്ക്കാണ് അര്‍ത്തുങ്കല്‍, തോട്ടപ്പള്ളി തുറമുഖങ്ങളുടെ നിര്‍മാണം ഇപ്പോള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്റെ എം.എല്‍.എ മാരുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപയും പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് നാല് ലക്ഷം രൂപയും ചെലവഴിച്ചുള്ള അര്‍ത്തുങ്കല്‍ മത്സ്യഭവന്റെ ഉദ്ഘാടനവും മന്ത്രി യോഗത്തില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വായ്പകള്‍ പൂര്‍ണമായും, പലിശയും, പിഴപ്പലിശയും കൂടിയും, പിഴപ്പലിശ മാത്രമായും ഒഴിവാക്കിയ രേഖകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ആദ്യഘട്ടത്തില്‍ മരണപ്പെട്ടവരും മാറാരോഗികളുമായ 61 ഗുണഭോക്താക്കളുടെ കുടിശ്ശിക തുക മുതലും പലിശയും പിഴപ്പലിശയും ചേര്‍ത്ത് 31.46 ലക്ഷം രൂപ എഴുതിത്തള്ളിയ പ്രമാണങ്ങള്‍ മന്ത്രി തിരിച്ചുനല്‍കി. ജൂണ്‍ മുതല്‍ തെള്ളിച്ചെമ്മീന്‍ സര്‍ക്കാര്‍ സംഭരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ട് കൂടുതല്‍ തെള്ള് ചെമ്മീന്‍ ലഭിക്കുന്ന സമയത്ത് കിട്ടുന്ന വിലയ്ക്ക് വില്‍ക്കാനുള്ള അവസ്ഥ മാറുമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ അധ്യക്ഷതയില്‍ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മത്സ്യ ഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ആന്റണി, ജില്ലാപഞ്ചായത്ത് അംഗം സന്ധ്യാ ബെന്നി, മത്സ്യഫെഡ് മാനേജിങ് ഡയരക്ടര്‍ ഡോ ലോറന്‍സ് ഹാരോള്‍ഡ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് ചീഫ് എന്‍ജിനീയര്‍ പി.കെ അനില്‍കുമാര്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ പി. എല്‍. വത്സലകുമാരി, ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ആന്റണി, ബാബു ആന്റണി, പി.പി സോമന്‍, മേരിഗ്രേസി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."