ട്രോളിങ് നിരോധനം: രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യവില്‍പന വ്യാപകം
സ്വന്തം ലേഖകന്‍
കൊട്ടാരക്കര: ട്രോളിങ് നിരോധിച്ചതോടെ രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യവില്‍പന വ്യാപകം. മത്സ്യ ലഭ്യത കുറഞ്ഞതോടെയാണു ജില്ലയില്‍ ഇത്തരത്തിലുള്ള മത്സ്യവില്‍പന തകൃതിയായി നടന്നുവരുന്നത്. ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ പടിഞ്ഞാറന്‍ മേഖലയില്‍നിന്നുള്ള മത്സ്യവരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
കിഴക്കന്‍ മേഖലയിലെ ചന്തകളില്‍ വൈകുന്നേരത്തുള്ള മത്സ്യവില്‍പന കൊല്ലം മേഖലയില്‍നിന്നുള്ള മത്സ്യവരവിനെ ആശ്രയിച്ചാണു പ്രധാനമായും നടന്നുവരുന്നത്. ട്രോളിങ് നിരോധനമായതോടെ ദിവസങ്ങളോളം പഴക്കമുള്ള മത്സ്യങ്ങളാണു രാസപ്രയോഗത്തിനുശേഷം കമ്പോളങ്ങളില്‍ എത്തുന്നത്. തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍നിന്നാണ് ഇപ്പോള്‍ ചന്തകളില്‍ മീനുകളെത്തുന്നത്. ആഴ്ചകള്‍ പഴക്കമുള്ള മത്സ്യമാണ് ഇവിടെയെത്തുന്നതെന്നു പരാതിയുണ്ട്. ചന്തകളിലെത്തുന്ന മത്സ്യം പരിസരങ്ങളിലും രഹസ്യകേന്ദ്രങ്ങളിലും സംഭരിച്ച ശേഷമാണു ദിവസങ്ങളോളം കച്ചവടം നടത്തുന്നത്. ഈ സമയങ്ങളിലെല്ലാം മത്സ്യം കേടാകാതെ സൂക്ഷിക്കാനും തിളക്കം കിട്ടാനുമായി ഫോര്‍മാലിന്‍ പോലുള്ള മാരക രാസവസ്തു പ്രയോഗമാണു നടക്കുക. നേരിട്ടും ഐസ് കട്ടകളില്‍ ചേര്‍ത്തുമാണു രാസപ്രയോഗം.
കൊല്ലത്തെ മത്സ്യവിപണിയില്‍ എത്തുന്ന ഐസ് കട്ടകളില്‍ മാരക രാസവസ്തു പ്രയോഗിക്കുന്നുണ്ടെന്നു കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. വലിയ മത്സ്യങ്ങളിലാണു നേരത്തെ രാസപ്രയോഗം നടത്തിവന്നിരുന്നത്.
എന്നാല്‍ ട്രോളിങ് നിരോധനമായതോടെ എല്ലാ മീനുകളിലും രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി മത്സ്യവ്യാപാരികള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. മലയാളികള്‍ക്കു മത്സ്യത്തോടുള്ള അമിതതാല്‍പര്യം മുതലെടുത്താണു രാസപ്രയോഗം. ഇത്തരം മത്സ്യം കഴിക്കുന്നവര്‍ക്ക് അസ്വസ്ഥതയും ചൊറിച്ചിലും ഉദരസംബന്ധമായ അസുഖങ്ങളും അനുഭവപ്പെടുന്നുണ്ട്. ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും പൂര്‍ണമായും ഈ മേഖലയിലെ കള്ളക്കളികള്‍ക്കു തടയിടാന്‍ കഴിയുന്നില്ല.
തമിഴ്‌നാട്ടില്‍നിന്നു രാസവസ്തു പ്രയോഗം നടത്തിക്കൊണ്ടുവരുന്ന മത്സ്യങ്ങള്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ അധികൃതര്‍ തടഞ്ഞു മടക്കി അയക്കുന്നുണ്ട്. എങ്കിലും വിപണികളില്‍ ലഭിക്കുന്ന മത്സ്യങ്ങളില്‍ ഏറെയും രാസപ്രയോഗം നടന്നവയാണ്. മത്സ്യവ്യാപാരികളില്‍ ചിലരും ഇത്തരം കാര്യങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നതായും പരാതി ഉയരുന്നുണ്ട്. നഗരങ്ങളിലെ വിവിധ കോണുകളിലും ഗ്രാമപ്രദേശങ്ങളിലും ചെറുതും വലുതുമായ മത്സ്യ സ്റ്റാളുകളുണ്ട്. വില്‍പനയിലെ ലാഭം ലക്ഷ്യംവച്ചു പല വ്യാപാരികളും അഴുകിയതും രാസവസ്തു പ്രയോഗം നടത്തിയതുമായ മത്സ്യം വില്‍ക്കാന്‍ തയാറാകുന്നുണ്ട്. ആവശ്യക്കാരെത്തുമ്പോള്‍ മത്സ്യത്തിനു യാതൊരു കുഴപ്പവുമുണ്ടാകില്ല.
എന്നാല്‍ വീടുകളില്‍ എത്തുമ്പോഴേക്കും മത്സ്യങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങും. ഇത്തരം മത്സ്യവില്‍പനയ്‌ക്കെതിരേ പല കോണുകളില്‍നിന്നും പ്രതിഷേധമുയരുന്നുണ്ടെങ്കിലും അധികൃതര്‍ അറിഞ്ഞ ഭാവം നടിക്കാറില്ല. മത്സ്യവില്‍പന കേന്ദ്രങ്ങളില്‍ പ്രഹസനമായി പോലും പരിശോധന നടത്താന്‍ ഉദ്യോഗസ്ഥസംഘം തയാറാകുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."