ബിന്ദു പത്മനാഭന് തിരോധാന കേസ്: അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന്
ചേര്‍ത്തല: കോടികളുടെ സ്വത്തിന് ഉടമയായ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് റജിസ്ട്രേഷന് വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊരുത്തകേടുണ്ടെന്നു കാട്ടി ബിന്ദുവിന്റെ സഹോദരന് പ്രവീണ്‍കുമാര്‍ റജിസ്ട്രേഷന് ഐജിക്ക് പരാതി നല്കി.
ബിന്ദുവിന്റെ മാതാവിന്റെ പേരിലുള്ള വസ്തു 2003ല്‍ ബിന്ദു വിറ്റതായാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ഇത് ഇപ്പോഴും വില്ലേജ് രേഖകള്‍ പ്രകാരം അംബികാദേവിയുടെ പേരിലാണ്. മാത്രമല്ല ആള്‍മാറാട്ടം നടത്തലിന് സാക്ഷ്യപ്പെടുത്തല്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി എടുത്തിട്ടില്ലെന്നും പ്രവീണിന്റെ പരാതിയില്‍ പറയുന്നു.
ബിന്ദുവിന്റെ തിരോധനത്തിലും വസ്തു റജിസ്ട്രേഷനിലും ചില ആധാരം എഴുത്തുകാര്‍ക്കും വസ്തു ഇടനിലക്കാര്‍ക്കും ബന്ധമുള്ളതിനാല്‍ വിശദമായ അന്വേഷണം നടത്തണമെന്ന് പ്രവീണ്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. ബിന്ദു പത്മനാഭ(42)നെ കാണാതായതു സംബന്ധിച്ച് 2017ല്‍ സഹോദരന് പൊലിസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിന്ദുവിന്റെ പേരിലുള്ള വസ്തുക്കള്‍ ആള്‍മാറാട്ടം നടത്തി വില്പന നടത്തിയതായി പൊലിസ് കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അഞ്ച് കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍, ബിന്ദു ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ഇതുവരേയും കണ്ടെത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."