പുഴയില്‍ വീണ മകനെ രക്ഷിക്കുന്നതിനിടെ പിതാവ് മുങ്ങിമരിച്ചു
മൂവാറ്റുപുഴ: കുളിക്കുമ്പോള്‍ കാല്‍ വഴുതി പുഴയില്‍ വീണ മകനെ രക്ഷിക്കുന്നതിനിടെ പിതാവ് മുങ്ങിമരിച്ചു. പുഴയില്‍ നിന്ന് രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. അങ്കമാലി കറുകുറ്റി മൂനാംപറമ്പ് കുറുപ്പിന്‍കാട് അനില്‍ (45) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30ന് മൂവാറ്റുപുഴയാറിലെ റാക്കാട് ഗണപതി കടവിലാണ് സംഭവം. അനിലിന്റെ മക്കളായ നന്ദു, യദുകൃഷ്ണയും ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം കുളിക്കുമ്പോഴാണ് സംഭവം. മൂവാറ്റുപുഴ കാരക്കുന്നത്ത് ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി റാക്കാടുള്ള ഭാര്യയുടെ വീട്ടില്‍ എത്തിയതായിരുന്നു അനിലും കുട്ടികളും.
കടവില്‍ കുളിക്കുന്നതിനിടെ അനിലിന്റെ മൂത്തമകന്‍ നന്ദു കാല്‍വഴുതി ഒഴുക്കില്‍പ്പെട്ടു. രക്ഷിക്കാനായി അനിലും ബന്ധുക്കളായ സില്‍ജിത്തും സഹോദരന്‍ അമലും പുഴയിലേക്ക് ചാടി. ഒഴുക്കില്‍പ്പെട്ട് നാലുപേരും മുങ്ങിത്താഴുന്നതിനിടെ സമീപത്തെ കുളിക്കടവുകളിലും അക്കരെയുള്ള കടവിലും കുളിക്കുകയായിരുന്ന സ്ത്രീകള്‍ ഉറക്കെ നിലവിളിച്ചു. ബഹളം കേട്ട് സമീപത്തെ ചെറുപണ്ടാലില്‍ എല്‍ദോസ് ഓടിയെത്തി പുഴയിലേക്ക് ചാടി ആദ്യം നന്ദുവിനെ കരയിലെത്തിച്ചു. അക്കരെ താമസിക്കുന്ന കായനാട് പാറതോട്ടത്തില്‍ ബാലന്‍ തൊട്ടടുത്ത വീട്ടിലെ വള്ളവുമായെത്തി മുങ്ങി താഴുന്ന സില്‍ജിത്തിനെ വള്ളത്തില്‍ പിടിച്ച് കരയിലെത്തിച്ചു.
ഇതിനിടെ എല്‍ദോസ് അനിലിനെ രക്ഷിക്കാന്‍ മുടിയില്‍ പിടിച്ചെങ്കിലും വഴുതിപോയി. ബാലന്‍ വള്ളത്തിലെത്തി രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. മുങ്ങിത്താഴ്ന്ന അനിലിനെ കണ്ടെത്താന്‍ ഇവര്‍ മുങ്ങി തപ്പിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടെ ഒഴുക്കില്‍പ്പെട്ട അമല്‍ താഴെ അറയ്ക്കല്‍ കടവ് ഭാഗത്ത് നീന്തിക്കയറി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവില്‍ 100-മീറ്റര്‍ താഴെനിന്ന് അനിലിന്റെ മൃതദേഹം കണ്ടെടുത്തു.
മൃതദേഹം മൂവാറ്റുപുഴ ജനറലാശുപത്രിയില്‍ പോസ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. സംസ്‌കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂര്‍ എസ്.എന്‍.ഡി.പി ശ്മശാനത്തില്‍ നടക്കും. കാലടി മറ്റൂര്‍ മാത സോമില്‍ ജീവനക്കാരനാണ് അനില്‍. ഭാര്യ: സിനി (മുക്കന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."