അധ്യാപകന്റെ സ്ഥലംമാറ്റം സഹിച്ചില്ല: കരഞ്ഞും പ്രതിഷേധിച്ചും വിദ്യാര്‍ഥികള്‍
ചെന്നൈ: സ്ഥലം മാറിപ്പോവാനൊരുങ്ങിയ അധ്യാപകനെ തടഞ്ഞുവച്ചും പ്രതിഷേധിച്ചും വിദ്യാര്‍ഥികള്‍. തമിഴ്‌നാട് തിരുവള്ളൂരിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. സ്ഥലംമാറ്റ ഉത്തരവ് കിട്ടിയ ജി ഭഗവാന്‍ എന്ന ഇംഗ്ലീഷ് അധ്യാപകന്‍ എല്ലാം ശരിയാക്കി പുറത്തിറങ്ങാന്‍ നേരമാണ് കരഞ്ഞും നിലവിളിച്ചും അധ്യാപകനെ വളഞ്ഞുവച്ചത്. ഇതോടെ അധ്യാപകന്റെ സ്ഥലംമാറ്റം 10 ദിവസത്തേക്കു നീട്ടിവച്ചിരിക്കുകയാണിപ്പോള്‍.
വെലിയഗ്രാം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ആറാം ക്ലാസ് മുതല്‍ പത്തു വരെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നതാണ് ഭഗവാന്‍. ചൊവ്വാഴ്ച സ്ഥലംമാറ്റ ഉത്തരവ് കിട്ടി. ബുധനാഴ്ച 9 മണിയോടെ പകരം മറ്റൊരു അധ്യാപകന്‍ സ്‌കൂളിലെത്തുകയും ചെയ്തു. നടപടിക്രമം പൂര്‍ത്തിയാക്കി ഭഗവാന്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങാനൊരുങ്ങി. എന്നാല്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെയെത്തി പിടിച്ചുവയ്ക്കുകയായിരുന്നു.
അധ്യാപകന്‍ പോവുന്ന കാര്യം വിദ്യാര്‍ഥികള്‍ രക്ഷിതാക്കളെയും അറിയിച്ചിരുന്നു. അവരും രാവിലെ എത്തിയതോടെ നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായി. വിദ്യാര്‍ഥികളോടൊപ്പം രക്ഷിതാക്കളും അധ്യാപകനെ പിടിച്ചുവയ്ക്കാന്‍ കൂടി. ഇത്രയൊക്കെ ആയപ്പോള്‍ സ്ഥലംമാറ്റ ഉത്തരവ് 10 ദിവസത്തേക്ക് നീട്ടാന്‍ പ്രിന്‍സിപ്പാള്‍ അരവിന്ദ് മേലുദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.
സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ പി.എം നരസിംഹനെ സമീപിക്കുകയും ചെയ്തിരിക്കുകയാണ് രക്ഷിതാക്കള്‍. എന്നാല്‍ സ്ഥലംമാറ്റത്തിന്റെ ആവശ്യകത രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ബോധ്യപ്പെടുത്താനുള്ള വഴികള്‍ തേടുകയാണ് അധികൃതര്‍.
''ഞാന്‍ ഓഫിസിനു പുറത്തിറങ്ങാന്‍ നേരം വിദ്യാര്‍ഥികള്‍ പിടിച്ചുവച്ചു. എന്റെ സ്‌കൂട്ടറിന്റെ താക്കോല്‍ ആദ്യം അവര്‍ എടുത്തുവച്ചു. പിന്നെ ബാഗും മാറ്റിവച്ചു. ഉറക്കെ കരയാനും ഒച്ചയുണ്ടാക്കാനും തുടങ്ങി. പിന്നെ ക്ലാസിലേക്കു വലിച്ചുകൊണ്ടുപോയി. ഞാന്‍ ശമ്പളം മാത്രമല്ല സമ്പാദിച്ചത്, അവരുടെ സ്‌നേഹവും വാത്സല്യവും കൂടിയാണ്''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."