റീസൈക്ലിങ് ഫലപ്രദമാക്കണം
റെഫ്രിജറേറ്ററുകളുടെ ഉപയോഗംമൂലം അന്തരീക്ഷത്തിലേയ്ക്കു കടക്കുന്ന സി.എഫ്.സി ഓസോണ്‍ പാളിക്കു വിള്ളലുകള്‍ സൃഷ്ടിക്കുന്നത് 1985 കളിലാണ് ലോകം മനസിലാക്കിയത്. ജോസഫ് ഫാം എന്ന ശാസ്ത്രജ്ഞന്‍ ഇവയെക്കുറിച്ചു പഠനംനടത്തുകയും അദ്ദേഹമവതരിപ്പിച്ച പ്രബന്ധങ്ങള്‍ മുഖേന സി.എഫ്.സി യാണ് ഓസോണ്‍ ശോഷണത്തിനു കാരണമാകുന്നതെന്നു ജനങ്ങള്‍ അറിയുകയും പിന്നീട് ലോകശാസ്ത്രജ്ഞന്‍മാരുടെ കൂട്ടായ്മ ഇതിനെതിരേ പോരാടാന്‍ ബോധവത്കരണപരിപാടി ആവിഷ്‌കരിക്കുകയുമുണ്ടായി.
ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നമ്മുടെ ജീവിതത്തില്‍നിന്നു പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ല. പിന്നെയെങ്ങനെയാണ് ഇവയുടെ ഭീഷണി പ്രതിരോധിക്കാനാവുക. ബദല്‍സാധ്യത കണ്ടെത്തിയേ മതിയാകൂ.
കാര്യക്ഷമമായ പുനരുപയോഗവും ശരിയായരീതിയിലുള്ള ബോധവത്കരണവും ഇ- മാലിന്യങ്ങളുടെ നിര്‍മാര്‍ജ്ജനത്തിനുള്ള വഴിതെളിയിക്കുന്നു. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ നടപ്പിലാക്കിയ നിയമംപോലെ എക്‌സ്റ്റെന്റഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി നമ്മുടെ രാജ്യത്തും നടപ്പിലാക്കണം.
അതായത് വില്‍ക്കുന്ന ഉപകരണങ്ങള്‍ ഉപഭോക്താക്കളുടെ ഉപയോഗം അവസാനിച്ചശേഷം നിര്‍മ്മാതാക്കള്‍തന്നെ തിരിച്ചെടുക്കുകയെന്നതാണ് എന്നതാണ് എക്‌സ്റ്റെന്റഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി. ആദ്യം ഒരു തുക ഇലക്‌ട്രോണിക് സാധനങ്ങളോടൊപ്പം ഈടാക്കുക, തിരികെയേല്‍പ്പിക്കുമ്പോള്‍ ഈ തുക നിര്‍മ്മാതാവോ കടയുടമയോ തിരികെ നല്‍കുക. ഉപയോഗം കഴിഞ്ഞാലുടന്‍ വലിച്ചെറിയുന്ന സ്വഭാവമുള്ളവര്‍ തിരികെകിട്ടാനുള്ള തുകയുടെ കാര്യമോര്‍ത്തെങ്കിലും സാധനം വലിച്ചെറിയാന്‍ മടി കാണിക്കില്ല.
ഇങ്ങനെ തിരികെ ലഭിച്ച ഉല്‍പ്പന്നങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സര്‍ക്കാരുകള്‍ നിര്‍മ്മാതാക്കള്‍ക്കു പ്രോത്സാഹനം നല്‍കുകയും ചെയ്യണം. ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ ഉല്‍പ്പാദനം മാരകമായ രാസപഥാര്‍ത്ഥങ്ങള്‍ ഒഴിവാക്കിയുള്ളതായിരിക്കണം. ഇതിനാവശ്യമായ ഗവേഷണം നടത്താന്‍ സര്‍ക്കാരുകള്‍ സംവിധാനമൊരുക്കണം. ഇ- മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന അല്ലെങ്കില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ മുന്‍കൈയെടുക്കുന്ന സ്ഥാപനങ്ങളെയും സന്നദ്ധസംഘടനകളെയും ആവശ്യമായ ഫണ്ടും സബ്‌സിഡിയും നല്‍കി സര്‍ക്കാരുകള്‍ സഹായിക്കണം.
പാശ്ചാത്യ രാജ്യങ്ങളില്‍ നടപ്പിലാക്കുന്നപോലെ നൂറുശതമാനവും റീ സൈക്ലിംഗ് ചെയ്യാവുന്ന റെസിന്‍ ഉപയോഗിച്ചു കമ്പ്യൂട്ടറും ലാപ്‌ടോപ്പും മൊബൈലും ഉല്‍പ്പാദിപ്പിക്കണം. ഇ- മാലിന്യങ്ങള്‍ കൂടുതലായി വലിച്ചെറിയുന്ന സ്ഥാപനങ്ങളെയും മാളുകളെയും നിരോധിക്കണം. ഇതുസംബന്ധിച്ച പരിശോധന ഘട്ടംഘട്ടമായി ആവശ്യാനുസരണം നടപ്പിലാക്കുകതന്നെ ചെയ്യണം. മറ്റുരാജ്യങ്ങളില്‍നിന്ന് അപകടകരമായ ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്നതു പൂര്‍ണമായും നിര്‍ത്തലാക്കണം. രാജ്യത്തു ഗ്രാമപ്രദേശങ്ങളില്‍ ഇനിയും കമ്പ്യൂട്ടറുകള്‍ ഒരുതവണ പോലും കാണാന്‍ കഴിയാത്ത വിദ്യാര്‍ത്ഥിസമൂഹം ഉണ്ടെന്നുള്ളതു മറന്നുകൂടാ.
ഇന്ത്യയുടെ വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദാരിദ്രവും, പട്ടിണിയും കാരണം സ്‌കൂളില്‍പോകാന്‍ കഴിയാത്ത കുട്ടികള്‍ ഏറെയുണ്ട്. കമ്പ്യൂട്ടറിന്റെ അറിവ് ഇവര്‍ക്കു നാളിതുവരെ ലഭ്യമായിട്ടില്ല. ഇ- മാലിന്യങ്ങളുടെ പുനരുപയോഗം നടപ്പിലാക്കുമ്പോള്‍ ലഭിക്കുന്ന ഉപയോഗശൂന്യമായ ഏറെ പഴക്കം ചെന്ന കമ്പ്യൂട്ടറുകളും മോണിറ്ററുകളും ഉപയോഗപ്രദമായി മാറ്റി കമ്പ്യൂട്ടറുകള്‍ ഇല്ലാത്ത സ്‌കൂളുകള്‍ക്ക് സംഭാവനയായി നല്‍കുവാന്‍ സന്നദ്ധസംഘടനകളെയും മറ്റുസ്ഥാനപങ്ങളെയും പ്രോത്സാഹിപ്പിക്കണം. പുതിയ ഉപകരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ വീണ്ടും കൂട്ടിച്ചേര്‍ക്കലുകള്‍ക്കുപകരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഒരു പരിധിവരെ ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ കൂടുതല്‍ കാലം ഉപയോഗിക്കുവാന്‍ കഴിയും.
എല്‍.സി.ഡി മോണിറ്ററുകളുടെ വില്‍പ്പന പൊതുവിപണിയില്‍ ലഭ്യമാക്കുകയും ഇവയുടെ വില സാധാരണക്കാര്‍ക്കും വാങ്ങുവാന്‍ കഴിയുന്നരീതിയില്‍ കുറക്കുകയും ചെയ്ത് എല്‍.സി.ഡി ഉത്പന്നങ്ങളുടെ ഉപയോഗം വര്‍ദ്ധിക്കുവാന്‍ സഹായിക്കണം.
ഇവയെല്ലാംതന്നെ ഇ- മാലിന്യങ്ങളുടെ ഭീഷണി പ്രതിരോധിക്കുവാന്‍ സഹായിക്കുന്നു. രാജ്യത്ത് 100 കോടി മൊബൈല്‍ കണക്ഷനുകളാണുള്ളത്. ഓരോരുത്തരും ഒന്നുമുതല്‍ മൂന്നുവരെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. മൊബൈല്‍ ഫോണുകളുടെ മാലിന്യം അഞ്ചുവര്‍ഷത്തിനുള്ളില്‍ ജനങ്ങള്‍ക്കുണ്ടാക്കുന്ന ഭീഷണിയുടെ അളവ് അതിഭയങ്കരമായിരിക്കും.
റീസൈക്ലിങും, യുവതീയുവാക്കള്‍ക്ക് ഇവയുടെ പരിണിതഫലങ്ങളും മനസിലാക്കുവാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ട്. വലിച്ചെറിയുന്ന മനുഷ്യരുടെ കണക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതു മനുഷ്യജീവിതം നാശത്തിലേയ്ക്ക് എടുത്തെറിയുവാന്‍ സഹായകരമാകുന്നു. തെരുവോരങ്ങളില്‍ കാണുന്ന മാലിന്യങ്ങളെക്കാളും മനുഷ്യന്റെ ഹൃദയങ്ങളില്‍ സൂക്ഷിക്കുന്ന മാലിന്യങ്ങള്‍ വലുതാണ്. ഈ മാലിന്യങ്ങളെയാണ് ആദ്യം നാം വലിച്ചെറിയേണ്ടത്. അതിനായി നാം കൈകോര്‍ക്കാം.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."