പശ്ചിമഘട്ടത്തില്‍ രണ്ട് പുതിയ ഇനം ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി
കൊച്ചി: പശ്ചിമഘട്ട പര്‍വ്വത നിരകളിലെ ശുദ്ധജല നീരുറവകളില്‍ നിന്ന് രണ്ട് ഇനം പുതിയ മത്സ്യങ്ങളെ കൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വയനാട്ടിലെ കമ്പനി നദിയില്‍ നിന്നും മഹാരാഷ്ട്രയിലെ ഹിരണ്യകേശി നദിയില്‍ നിന്നുമാണ് പുതിയ മത്സ്യ ഇനങ്ങളെ കണ്ടെത്തിയത്. ബ്രിട്ടീഷ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റേയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെയും സഹകരണത്തോടെ കേരള ഫിഷറീസ് സമുദ്ര ശാസ്ത്ര പഠന സര്‍വ്വകലാശാലയിലെ (കുഫോസ്) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ ഇനം മത്സ്യങ്ങളെ കണ്ടെത്തിയത്.
കമ്പനി നദീയില്‍ നിന്ന് കണ്ടെത്തിയ മത്സ്യത്തിന് ഡാറിയോ നീല എന്നാണ് പേരിട്ടിരിക്കുന്നത്. കുഫോസിലെ സ്‌കൂള്‍ ഓഫ് ഓഷ്യന്‍ സയന്‍സ് ആന്റ് ടെകനോളജിയില്‍ പി.എച്ച്.ഡി ഗവേഷകനായ അനൂപ് വി.കെ ആണ് ഡാറിയോ നീലയെ കണ്ടെത്തിയത്. കമ്പനി നദിയില്‍ പെരിയയ്ക്കും ബോയ്‌സ് ടൗണിനും ഇടയിലാണ് ഡാറിയോ നീലയുടെ സാന്നിധ്യമുള്ളത്. ഈ ഇനത്തിലെ ആണ്‍മത്സ്യങ്ങളുടെ നീല നിറം പരിഗണിച്ചാണ് പുതിയ ഇനത്തിന് ഈ പേര് നല്‍കിയതെന്ന് അനൂപ് വി.കെ.പറഞ്ഞു.
പശ്ചിമഘട്ട പര്‍യത നിരകളുടെ വടക്കേ അറ്റത്ത് നിന്ന് ഉത്ഭവിക്കുന്ന ഹിരണ്യകേശി നദിയില്‍ നിന്ന് കണ്ടെത്തിയ പുതിയ ഇനത്തിന് പെത്തിയ സാഹിത് എന്നാണ് പേര് നല്‍കിയിരിക്കുന്ന്. കുഫോസിലെ ഫിഷ് ടാക്‌സോണമി അധ്യാപകനായ ഡോ.രാജീവ് രാഘവന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. പുതിയ മത്സ്യ ഇനങ്ങളെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അനിമല്‍ ടാക്‌സോണമി ജേര്‍ണ്ണലായ സൂടാക്‌സയില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ഇതോടെ പശ്ചിമഘട്ടത്തിലെ ശുദ്ധജല മത്സ്യങ്ങളുടെ പട്ടിക പുതിയ ഇനങ്ങളെ കൂടി ശാസ്ത്രലോകം പുതുക്കി. ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യ മേഖലകളിലൊന്നായിട്ടാണ് കേരളം ഉള്‍പ്പെടുന്ന പശ്ചിഘട്ടത്തെ ശാസ്ത്രലോകം കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."