ജനസംഖ്യ കുറയ്ക്കുന്നതിന് അസം സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്
ഗുവാഹത്തി: സംസ്ഥാന ജനസംഖ്യ കുറയ്ക്കുന്നതിനായി അസം സര്‍ക്കാരിന്റെ പുതിയ നീക്കം. രണ്ടിലധികം കുട്ടികളുള്ളവരെ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന പുതിയ വിജ്ഞാപനമാണ് ഇന്നലെ സര്‍ക്കാര്‍ പുറത്തിറക്കിയത്. പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലാ പഠനം സൗജന്യമാക്കിക്കൊണ്ടും സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം ഇന്നലെ ഗുവാഹത്തിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വാ ശര്‍മയാണ് അറിയിച്ചത്.
രണ്ട് കുട്ടികളുള്ള കുടുംബത്തിന് ഒട്ടേറെ വാഗ്ദാനങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരായ രക്ഷിതാക്കള്‍ക്ക് ട്രാക്ടറുകള്‍, വീടില്ലാത്തവര്‍ക്ക് വീടിന് അടക്കമുള്ള സര്‍ക്കാര്‍ ധനസഹായങ്ങള്‍ ലഭ്യമാക്കും.
ശൈശവ വിവാഹം നടന്നെന്ന് ബോധ്യമായാല്‍ അത്തരക്കാരും സര്‍ക്കാര്‍ ജോലിക്ക് അയോഗ്യരായിരിക്കും. സംസ്ഥാനത്ത് പെണ്കുട്ടികള്ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ തടയാനും സര്‍ക്കാര്‍ കര്‍ശനമായ നടപടികളാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ ജനസംഖ്യാ കൗണ്‍സിലും സംസ്ഥാന ജനസംഖ്യാ റിസര്‍ച്ച് സെന്ററും സംയുക്തമായി സ്വീകരിച്ച തീരുമാനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതുസംബന്ധിച്ച് അടുത്ത ജൂലൈ വരെ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കും. തുടര്‍ന്ന് വിശദമായ ചര്‍ച്ചക്കായി നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കാനാണ് തീരുമാനം. അസമില്‍ 2011ലെ കാനേഷുമാരി അനുസരിച്ച് 3.12 കോടി ജനങ്ങളാണുള്ളത്. 2001 മുതല്‍ 2011 സെന്‍സസ് വരെയുള്ള കാലയളവില്‍ ഒരുകോടിയുടെ വര്‍ധനവാണ് ഉണ്ടായതെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."