കുട്ടനാടിന്റെ വികസനത്തിന് മുന്തിയ പരിഗണന: മന്ത്രി ജി. സുധാകരന്
തകഴി: മൂന്ന് പ്രളയത്തെ അതിജീവിച്ച കുട്ടനാടിന്റെ വികസനത്തിനാണ് സര്‍ക്കാരും പൊതുമരാമത്തു വകുപ്പും പ്രഥമ പരിഗണന നല്‍കുന്നതെന്ന് പൊതുമരാമത്തു രജിസ്ട്രേഷന് മന്ത്രി ജി. സുധാകരന് പറഞ്ഞു. നെടുമുടി തകഴി നിവാസികളുടെ ദീര്‍ഘ നാളുകളായുള്ള സ്വപ്നമായിരുന്ന പടഹാരം പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ പാടെ തകര്‍ന്നു പോയ ആലപ്പുഴ -ചങ്ങനാശ്ശേരി റോഡടക്കം നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ലോകോത്തര നിലവാരത്തിലാണ് പുനര്‍ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടനാട് നിയോജക മണ്ഡലത്തിലെ തകഴി പഞ്ചായത്തിനെയും നെടുമുടി പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് ദേശീയ ജലപാതയായ പമ്പ നദിക്ക് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 കോടി രൂപ മുടക്കിയാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയില്‍ നിര്‍മാണം ആരംഭിക്കുന്ന രണ്ടാമത്തെ പാലമാണ് പടഹാരം പാലം. ബോക്സ് ഗര്‍ഡര്‍ രീതിയാണ് പാലത്തിന്റെ ഡിസൈന്‍. പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈന്‍ വിഭാഗം രൂപ കല്‍പ്പന ചെയ്ത ഈ പാലത്തിന് 441 മീറ്റര്‍ നീളമാണുള്ളത്. രണ്ട് വരി ഗതാഗതത്തിന് ആവശ്യമായ 7.5 മീറ്റര്‍ കാരേജ് വേയും കാരേജ് വേയുടെ അടിയിലായി 1.5 മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 10.30 മീറ്റര്‍ ആണ് വീതി. 45 മീറ്റര്‍ ആണ് പാലത്തിന്റെ ജലഗതാഗത സ്പാന്‍. പാലത്തിന് ഇരുവശങ്ങളിലുമായി നാല് കി.മീ നീളത്തില്‍ റോഡ് നിര്‍മാണവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തുങ്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തകഴി ഗ്രാമപഞ്ചായത് പ്രസിഡന്റ് അംബിക ഷിബു, ജില്ലാ പഞ്ചായത്ത്ംഗം ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്തംഗം കെ. പ്രകാശന്, തകഴി ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ജോമാ ബിജു, നെടുമുടി ഗ്രാമപഞ്ചായത് പ്രസിഡന്റ് എം. കെ ചാക്കോ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."