ആദ്യ ദിനം 'നീന്തിക്കയറി' എസ്.ആര്‍.വി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍
കൊച്ചി: സ്‌കൂളിലെ ആദ്യദിനം തന്നെ മുട്ടോളം ചെളിവെള്ളത്തില്‍ നീന്തിക്കയറാനായിരുന്നു എറണാകുളം എസ്.ആര്‍.വി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ യോഗം. വിദ്യാര്‍ഥികള്‍ക്കൊപ്പം വന്ന രക്ഷിതാക്കളും മുട്ടോളം പൊങ്ങിയ ചെളിവെള്ളത്തിലൂടെ നീന്തികയറിയാണ് സ്‌കൂളിലെത്തിയത്. ഇനിയുള്ള മഴ ദിവസങ്ങളിലും സ്ഥിതി ഇതാവുമോയെന്ന ആശങ്കയോടെയാണ് രക്ഷിതാക്കള്‍ മടങ്ങിയത്. സ്‌കുളിന്റെ പ്രധാന കവാടമായ ചിറ്റുര്‍ രോഡിലേക്കുള്ള പാത ഒഴികെ സ്‌കൂള്‍ വരാന്ത ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഇന്നലെ വെള്ളക്കെട്ടിലായി. കൗണ്‍സിലറും ടാക്‌സ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാനുമായ കെ.വി.പി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളും പരിസരവും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ബി.പി.സി.എല്‍ പൈപ്പിടുന്നതിനായി കഴിഞ്ഞ മാസം റോഡ് പൊളിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്തുണ്ടായിരുന്ന കാനയിടിഞ്ഞതായി കൃഷ്ണകുമാര്‍ പറഞ്ഞു. ഇതോടെ വെള്ളം ഒഴുകി പോകാന്‍ മാര്‍ഗമില്ലാതായി. മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ എം.ജി റോഡിന്റെ കിഴക്ക് ഭാഗം മുഴുവന്‍ വെള്ളത്തിലായത് സ്ഥിതി കൂടുതല്‍ വഷളാക്കി. മോട്ടോര്‍ അടിച്ച് വെള്ളം മാറ്റാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.
ഒഴുകാനുള്ള വഴിയടഞ്ഞതോടെ കാനയില്‍ നിന്ന് മുല്ലശേരി കനാലിലേക്കും അവിടെ നിന്ന് കായലിലേക്കും പോകേണ്ട ജലപ്രവാഹം വെള്ളക്കെട്ടായി മാറി. വിവരമറിഞ്ഞ് ബി.പി.സി.എല്‍ ഉദ്യോഗസ്ഥര്‍ ഉച്ചയോടെ സ്ഥലത്തെത്തി. മഴ കുറഞ്ഞാല്‍ ഉടന്‍ തന്നെ കാനകള്‍ പൂര്‍വസ്ഥിതിയിലാക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."