വ്യവസായ മേഖലയില്‍ നിന്നും മാലിന്യം ഒഴുക്കല്‍; ദുരിതക്കയത്തില്‍ തുതിയൂര്‍ നിവാസികള്‍
കാക്കനാട്: മാലിന്യം മൂലം ശുദ്ധവായുവും ശുദ്ധജലവും ലഭിക്കാതായ തുതിയൂര്‍ നിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പി.ടി തോമസ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ഡപ്യൂട്ടി ഡവലപ്പ്‌മെന്റ് കമ്മിഷണറുമായി ചര്‍ച്ച നടത്തി. കാക്കനാട് വ്യവസായ മേഖലയില്‍ നിന്നും പുറന്തള്ളുന്ന ദുര്‍ഗന്ധ ജലം മൂലം തുതിയൂര്‍ നിവാസികളുടെ ജീവിത ദുരിതങ്ങള്‍ തുടങ്ങിയിട്ട് 25 വര്‍ഷം പിന്നിട്ടു. പിറന്നു വീഴുന്ന കുരുന്നുകള്‍ക്ക് പോലും വിട്ടുമാറാത്ത ചുമയും അസ്തമയും പിടിപെടുന്നു. മക്കളുടെ വിവാഹങ്ങള്‍ മുടങ്ങുന്നതായും ചര്‍ച്ചയില്‍ പങ്കെടുത്ത വീട്ടമ്മമാര്‍ കണ്ണീരോടെ ദുരിതങ്ങള്‍ വിശദീകരിച്ചു. ദുര്‍ഗന്ധം മൂലം വീടുകളിലെ ജനല്‍ പാളികളും, വാതിലുകളും തുറക്കാന്‍ പറ്റാത്ത അവസ്ഥ. വീടിനുള്ളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും കഴിയില്ല. ആദ്യം രാത്രികളില്‍ മാത്രം അനുഭവിച്ചിരുന്നത് ഇപ്പോള്‍ പകലും തുടരുന്നു.
ശുദ്ധമായ കുടിവെള്ളം ലഭിച്ചിരുന്ന കിണറുകള്‍ മാലിനജലം കലര്‍ന്ന് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ് തുതിയൂര്‍ നിവാസികള്‍ക്കുള്ളത്. പല കിണറുകളും ഇതുമൂലം നികത്തി. കാളച്ചാല്‍, പരിപ്പച്ചിറ തോടുകള്‍ വഴിയാണ് മാലിന്യം ഒഴുക്കുന്നത്. രാസവസ്തുക്കളും മറ്റു മാലിന്യങ്ങളും കലര്‍ന്ന ദുര്‍ഗന്ധത്തോടുകൂടിയ കരി ഓയിലിന്റെ നിറമുള്ള വെള്ളമാണ് കാക്കനാട് സ്‌പെഷ്യല്‍ എക്കണോമിക്‌സ് സോണില്‍ നിന്നും ഒഴുക്കുന്ന വെള്ളത്തിനെന്ന് പ്രദേശവാസികള്‍ പറയുന്നു. ചിത്രപുഴയിലാണ് ഈ മാലിന്യങ്ങള്‍ ചെന്നടിയുന്നത്. മലിനജലം ശരീരഭാഗങ്ങളില്‍ വീണാല്‍ വെള്ളപാണ്ടുകള്‍ വരുന്നതായും പരാതിക്കാര്‍ പറയുന്നു.
വ്യവസായ മേഖലക്കുള്ളില്‍ ആധുനിക രീതിയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ച് ശുദ്ധി ചെയ്ത വെള്ളമായിരിക്കണം പുറത്തേക്ക് വിടേണ്ടതെന്നും അല്ലെങ്കില്‍ അത്തരത്തിലുള്ള കമ്പനികള്‍ അടച്ചു പൂട്ടണമെന്നും ദുരിതങ്ങള്‍ കുടുതല്‍ അനുഭവിക്കുന്ന മാരിയമ്മന്‍ കോവില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ പറഞ്ഞു. അതേസമലം സ്‌പെഷല്‍ എക്കണോമിക് സോണില്‍ 136 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ 16 കമ്പനികളില്‍ നിന്നു മാത്രമാണ് മലിനജലം ഒഴുക്കുന്നതെന്നും ആറു മാസത്തിനുള്ളില്‍ ആധുനിക രീതിയില്‍ 25 കോടി രൂപ ചെലവില്‍ ഇറ്റാലിയന്‍ സാങ്കേതികത്വത്തില്‍ പുതിയ ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂര്‍ത്തീകരിക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഡപ്യൂട്ടി കമ്മിഷണര്‍ സാജു സുരേന്ദ്രന്‍ അറിയിച്ചു.
വ്യവസായ മേഖലയില്‍ നിന്നും മലിനജലം ഒഴുക്കുന്ന കാളച്ചാല്‍ തോട്, പരിപ്പിച്ചിറ തോട് എന്നിവ വൃത്തിയാക്കണമെന്നും കുടിവെള്ള കിണറുകള്‍ നാശോന്മുഖമായതിന് നഷ്ടപരിഹാരം നല്‍കണമെന്നും പി.ടി.തോമസ് എം.എല്‍.എ സാജു സുരേന്ദ്രനോട് നിര്‍ദേശിച്ചു. കഴിയുമെങ്കില്‍ പുതിയ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉണ്ടാകും വരെ കൂടുതല്‍ മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണം. അടുത്ത15 ന് രാവിലെ 11ന് വീണ്ടും യോഗം ചേരാമെന്നും വ്യവസായ സോണിലെ ഇതുമായി ബന്ധപ്പെട്ട കമ്പനി മേധാവികളെ കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തണമെന്നും എല്‍.എല്‍.എ പറഞ്ഞു. തുതിയൂര്‍ സോണിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ ഒപ്പം ശേഖരണം നടത്തിയ നിവേദനം എം.എല്‍.എ ഡപ്യൂട്ടി കമ്മിഷണര്‍ക്ക് നല്‍കി. ട്രാക്ക് പ്രസിഡന്റ് കെ.എം അബ്ബാസ്, ഭാരവാഹികളായ എം.എസ് അനില്‍കുമാര്‍, സി.കെ പീറ്റര്‍, രാധാമണിപിള്ള, പുരുഷോത്തം പട്ടേല്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ജോര്‍ജ് മത്തായി, എം.കെ.ആര്‍.എ ഭാരവാഹികളായ എസ് . പ്രിന്‍സ്, നസറുദ്ദീന്‍, പുഷ്പ, സൂസന്‍ മാനുവല്‍, ഷീല രാജൂ,റജി വിജയന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."