ദാമ്പത്യം തുടങ്ങുന്നതിന് മുമ്പ് വിവാഹ മോചനം: കേസുകളില്‍ ആശങ്കയെന്ന് വനിതാ കമ്മിഷന്‍
ആലപ്പുഴ: ദാമ്പത്യം തുടങ്ങുന്നതിന് മുമ്പുതന്നെ വിവാഹ മോചന കേസുകളെത്തുന്നതില്‍ ആശങ്കയെന്ന് വനിതാ കമ്മിഷന്‍. വിവാഹം കഴിഞ്ഞിട്ട് രണ്ടുവര്‍ഷം. ദമ്പതികള്‍ ബി.ടെക് ബിരുദധാരികള്‍. ഇരുവര്‍ക്കുമിടയില്‍ പറഞ്ഞുതീരാവുന്ന പ്രശ്‌നങ്ങള്‍ മാത്രമുണ്ടായിട്ടും വിവാഹമോചന പരാതിയുമായി ഇരുവരും വനിതാകമ്മിഷനിലെത്തി.
ദാമ്പത്യത്തിന്റെ അര്‍ഥം പോലുമറിയാതെ വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ അപക്വമായി ജീവിതത്തെ സമീപിക്കുന്നതാണ് ഇത്തരത്തില്‍ സങ്കീര്‍ണമായ കേസുകള്‍ കമ്മീഷനുമുന്നിലെത്തുന്നതിന് കാരണമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു.
ആലപ്പുഴയില്‍ നടന്ന വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അദാലത്തില്‍ 75 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 15 കേസുകള്‍ തീര്‍പ്പാക്കി. എട്ട് കേസുകളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
27 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ഇരുകൂട്ടരും ഹാജരാകാതിരുന്നതിനാല്‍ 25 കേസുകളില്‍ നടപടിയെടുക്കാനായില്ല. പരാതി നല്‍കിയിട്ട് പങ്കെടുക്കാതിരിക്കുന്നത് നിയമസംവിധാനത്തോട് കാണിക്കുന്ന അലംഭാവമാണെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി.
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ എതിര്‍കക്ഷികള്‍ അദാലത്തില്‍ ഹാജരായത് കണ്ടതിനാല്‍ പരാതിക്കാരി കമ്മിഷന് മുന്നില്‍ ഹാജരാകാതെ മുങ്ങി. പകരം മറ്റൊരു പരാതിയും നല്‍കി. അദാലത്ത് നടക്കുന്ന സ്ഥലത്ത് എത്തിയിട്ട് കമ്മീഷന് മുന്നില്‍ ഹാജരാകാതെ മടങ്ങിയത് കമ്മീഷനോട് കാട്ടിയ ധിക്കാരമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.ഇതുസംബന്ധിച്ച് അവരോട് വിശദീകരണം തേടുമെന്നും കമ്മീഷന്‍ അറിയിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ തൊഴിലതിക്രമങ്ങള്‍ കൂടുന്നുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു.തൊഴിലതിക്രമം സംബന്ധിച്ച് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപികമാരുടെ പരാതിയും കൂടുന്നുണ്ട്.
സ്‌കൂളില്‍ നടക്കുന്ന സംഭവങ്ങളില്‍ വാര്‍ഡ് മെമ്പറും പി.ടി.എയും അമിതമായി ഇടപെടുന്നുവെന്ന് കാട്ടി അധ്യാപികമാരുടെ പരാതി. തലവടിയിലാണ് സംഭവം. പരാതി പരിഹരിക്കാന്‍ കമ്മിഷന്‍ വിളിച്ചുചേര്‍ത്ത അദാലത്തില്‍ രണ്ട് അധ്യാപികമാരും ഹാജരായതുമില്ല. മൊബൈലുപയോഗിച്ചതിന് വിദ്യാര്‍ഥിനിയുടെ ഫോണ്‍ അധ്യാപിക പിടിച്ചെടുത്തതുമുതലാണ് പ്രശ്‌നം തുടങ്ങിയതെന്ന് വാര്‍ഡ് മെമ്പര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടാന്‍ ശ്രമിച്ചു.
അധ്യാപികമാരോട് ഇതുചോദിച്ചതിനെതിരെ വാര്‍ഡ്‌മെമ്പറിനും പി.ടി.എയ്്ക്കുമെതിരെ അധ്യാപികമാര്‍ കേസ് കൊടുക്കുകയായിരുന്നു. അധ്യാപികമാര്‍ക്കെതിരെ വിദ്യാര്‍ഥി ബാലാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ടെന്നും വാര്‍ഡ് മെമ്പര്‍ പറയുന്നു. അധ്യാപകര്‍ ഹാജരാകാത്തതിനാല്‍ അവരുടെ മൊഴിയും കേള്‍ക്കേണ്ടതുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ കമ്മിഷനംഗം എം.എസ് താര, ജെ.മിനീസ, ജലജചന്ദ്രന്‍, രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."