തമിഴ്‌നാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ 89 കോടി വിതരണം ചെയ്തതായി ആദായനികുതി വകുപ്പ്
ചെന്നൈ: ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വി.കെ ശശികലയുടെ പാര്‍ട്ടി 89 കോടി രൂപ വിതരണം ചെയ്‌തെന്ന ആരോപണം ശരിവച്ച് ആദായ നികുതി വകുപ്പ് അധികൃതര്‍. വെള്ളിയാഴ്ച്ച തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ഇതിന് തെളിവാണെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
സംസ്ഥാന ആരോഗ്യമന്ത്രി സി വിജയ്ഭാസ്‌ക്കര്‍, നടന്‍ ശരത് കുമാര്‍ എന്നിവരുടെ വസതികള്‍ ഉള്‍പ്പെടെ 35 ഇടങ്ങളിലായിരുന്നു റെയ്ഡ്. ആര്‍.കെ നഗര്‍ മണ്ഡലത്തെ 256 ഭാഗങ്ങളായി വിഭജിച്ചായിരുന്നു വോട്ടര്‍മാര്‍ക്ക് കോഴ നല്‍കാനുള്ള പദ്ധതിയെന്ന് പിടിച്ചെടുത്ത രേഖകളില്‍ വ്യക്തമാക്കിയിരുന്നു. മണ്ഡലത്തില്‍ മൊത്തം 2.6 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 86 ശതമാനം പേരേയും പണം നല്‍കി സ്വാധീനിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി പാര്‍ട്ടി 89.65 കോടി മാറ്റിവച്ചു. ഓരോ വോട്ടര്‍ക്കും നാലായിരം രൂപ വീതമായിരുന്നു നല്‍കാന്‍ തീരുമാനിച്ചിരുന്നത്.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, വനംമന്ത്രി ദിണ്ടിഗല്‍ ശ്രീനിവാസന്‍, ധനമന്ത്രി ജയകുമാര്‍ തുടങ്ങിയ ഏഴ് മുതിര്‍ന്ന നേതാക്കള്‍ക്കായിരുന്നു പണവിതരണത്തിന്റെ ചുമതല. 33,000 വോട്ടര്‍മാര്‍ക്ക് 13.27 കോടി രൂപ നല്‍കാനുള്ള ചുമതല പളനിസ്വാമിക്കായിരുന്നു. റെയ്ഡിലെ കണ്ടെത്തലുകള്‍ ആദായ നികുതി വകുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്.
അതേസമയം ആദായനികുതി വകുപ്പിന്റെ വെളിപ്പെടുത്തല്‍ ശശികല വിഭാഗം നേതാക്കള്‍ നിഷേധിച്ചു. ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഇത്തരം ആരോപണങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങള്‍ക്കറിയാമെന്നും നേതാക്കള്‍ അറിയിച്ചു. തന്റെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് പതിനായിരം രൂപ മാത്രമാണ് പിടിച്ചെടുത്തതെന്ന് ആരോഗ്യമന്ത്രി വിജയ്ഭാസ്‌ക്കര്‍ പറഞ്ഞു.
ആരോഗ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും വീടുകളില്‍ നിന്ന് അഞ്ച് കോടിയോളം രൂപ പിടിച്ചെടുത്തുവെന്നാണ് ആദായനികുതി വകുപ്പ് വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."