HOME
DETAILS
MAL
സംഘടനകളുമായി ചേര്‍ന്ന് കേന്ദ്രം സംവിധാനമൊരുക്കണമെന്ന് ഹൈക്കോടതി
backup
May 11 2020 | 03:05 AM
സ്വന്തം ലേഖിക
കൊച്ചി: സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികളെ തിരിച്ചുവരവിനു സഹായിക്കാന്‍ വിദേശരാജ്യങ്ങളിലെ പ്രവാസി സംഘടനകളുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. ഇതിനായി വിദേശത്തെ ഇന്ത്യന്‍ എംബസികള്‍, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയുടെ സഹകരണം തേടണമെന്നും ഇടക്കാല ഉത്തരവില്‍ ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് എം.ആര് അനിത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.വിദേശങ്ങളില്‍ കുടുങ്ങിയ പ്രവാസി മലയാളികളെ തിരിച്ചു നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹീം എളേറ്റില്‍ ഉള്‍പ്പെടെ നല്കിയ ഹരജികള്‍ പരിഗണിക്കവെയാണ് ഉത്തരവ്. നാട്ടിലേക്കു തിരികെ പോരുന്നതിന് എംബസിയില്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും യാത്രയ്ക്കാവശ്യമായ ടിക്കറ്റ് ചെലവ് വഹിക്കാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ വിദേശത്ത് കുടുങ്ങിയവരെ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ഹരജിക്കാരില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതില്‍ നിന്ന് വിമാനകമ്പനികളെ വിലക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് മടങ്ങിയെത്തി ഇവിടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ.എം.സി.സിക്കു വേണ്ടി അഡ്വ. ഹാരിസ് ബീരാന്, അഡ്വ. ഷാഫി എന്നിവര്‍ ഹാജരായി. ഹരജി നാളെ വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."