HOME
DETAILS
MAL
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സി.ഇ.ഒ സ്ഥാനത്തുനിന്ന് വി. വേണുവിനെ മാറ്റി
backup
May 11 2020 | 03:05 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മഹാപ്രളയത്തിനു ശേഷം 2018ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് (ആര്‍.കെ.ഐ) പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (സി.ഇ.ഒ) സ്ഥാനത്തു നിന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിനെ മാറ്റി. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങാണ് പുതിയ സി.ഇ.ഒ.
ചീഫ് സെക്രട്ടറി ടോം ജോസ് ആണ് ആര്‍.കെ.ഐയുടെ സി.ഇ.ഒയെ മാറ്റിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ഈ മാസം വിരമിക്കുന്ന ടോം ജോസിനു വിരമിക്കലിനു ശേഷം ആര്‍.കെ.ഐയുടെ സി.ഇ.ഒ സ്ഥാനത്തേക്ക് വഴിവെട്ടുകയാണ് ഈ മാറ്റത്തിലൂടെ ചെയ്തിരിക്കുന്നതെന്ന് അറിയുന്നു. വിരമിച്ച ശേഷം ആര്‍.കെ.ഐയുടെ തലപ്പത്തെത്താന്‍ ടോം ജോസ് ഭരണ നേതൃത്വവുമായി ധാരണയിലെത്തിയതായി പറയപ്പെടുന്നു.
പ്രത്യേകിച്ചൊരു കാരണവും പറയാതെ വേണുവിനെ മാറ്റിയ തീരുമാനം മന്ത്രിസഭയുടെ അറിവോടെയല്ല. റവന്യൂ വകുപ്പിന്റെ ചുമതലയുള്ള ആളെന്ന നിലയില്‍ ആര്‍.കെ.ഐയുടെ അംഗമായി വേണു തുടരുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നുണ്ട്. ടോം ജോസ് വിരമിക്കുമ്പോള്‍ ഇപ്പോള്‍ ഹോം സെക്രട്ടറിയായ ഡോ. ബിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയാകാനുള്ള സാധ്യതയാണുള്ളത്. ഇദ്ദേഹത്തെക്കാള്‍ മുതിര്‍ന്ന മൂന്ന് ഐ.എ.എസുകാര്‍ കേന്ദ്ര സര്‍വിസിലുണ്ട്. അവരാരും കേരളത്തില്‍ തിരിച്ചെത്തി ചീഫ് സെക്രട്ടറി സ്ഥാനത്തിരിക്കുന്നതിനുളള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. ഇപ്പോള്‍ കേരളത്തിലുള്ള ഐ.എ.എസ് കേഡറില്‍ ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥന്‍ ബിശ്വാസ് മേത്തയാണ്. സര്‍ക്കാരുമായി പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹം ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.അതേസമയം ആര്‍.കെ.ഐ യിലൂടെ കേരളത്തിന്റെ പുനഃസൃഷ്ടിക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,000 കോടി രൂപയാണ് മാറ്റിവച്ചിരുന്നത്. ഇതില്‍ ഒരു രൂപ പോലും ഇരുവരെ ചെലവാക്കിയിട്ടില്ല. റീബില്‍ഡ് കേരളയ്ക്കായി ലോകബാങ്കില്‍ നിന്നു ലഭിച്ച ആദ്യ ഗഡുവായ 1,780 കോടി രൂപയും ഇതുവരെ ഉദ്ദേശിച്ച പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടില്ല. പകരം ഈ പണം വകമാറ്റി ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ വിനിയോഗിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."