ഗോപാലകൃഷ്ണന്റെ തോട്ടത്തിലെ ജൈവപഴങ്ങള്‍ പരിചയക്കാര്‍ക്ക് സൗജന്യം
കോതമംഗലം: കഠിനപ്രയത്‌നത്തിലൂടെ സ്വന്തംതോട്ടത്തില്‍ വിളയിച്ചെടുത്ത ജൈവപഴങ്ങള്‍ പരിചയക്കാര്‍ക്കും പ്രദേശവാസികള്‍ക്കും സൗജന്യമായി നല്‍കി സംതൃപ്തിയടയുകയാണ് കോതമംഗലത്തെ വ്യത്യസ്തനായ കര്‍ഷകന്‍. സമ്മിശ്ര കൃഷിയിലൂടെ സാമ്പത്തിക ലാഭവും ഫലവൃക്ഷ കൃഷിയിലൂടെ മാനസിക സംതൃപ്തിയും കൈവരിച്ച് കാര്‍ഷിക രംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ് ചെറുവട്ടൂര്‍ സ്വദേശിയായ പടിഞ്ഞാറേക്കര പി.എസ് ഗോപാലകൃഷ്ണന്‍.
ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റുകൂടിയായ ഇദ്ദേഹത്തിന് അഞ്ചേക്കര്‍ സ്ഥലമാണുള്ളത്. റംമ്പൂട്ടാന്‍, മാംഗോസ്റ്റിന്‍, മുസാംബി, പിസ്ത, സ്റ്റാര്‍ ഫ്രൂട്ട്‌സ്, ചെറി, മുന്തിരിപേര, പീനട്ട്, ഓറഞ്ച്, മള്‍മ്പറി ,പൂച്ചപ്പഴം, മഞ്ഞ ഇരുമ്പന്‍ പുളി, ലക്കോട്ടില്‍ ,ഫോറിന്‍ മല്‍ബറി തുടങ്ങിയ പഴവര്‍ഗങ്ങളുടെ സ്വദേശിയും, വിദേശിയുമായ അമ്പതോളീ ഇനങ്ങളാണ് ഇവിടെ വളരുന്നത്.
ചക്കയുടെ പ്രാധാന്യം മുന്നില്‍ക്കണ്ട് മുന്തിയ ഇനം പ്ലാവിന്‍ തൈകളുടെ ഒരു തോട്ടവും ഗോപാലകൃഷ്ണന്‍ പുരയിടത്തിലൊരുക്കിയിട്ടുണ്ട്. ചേന, കപ്പ, വാഴ, റബര്‍ എന്നിവക്ക് പുരയിടത്തോട് ചേര്‍ന്ന് പ്രത്യേക സ്ഥലങ്ങളാണ് താറാക്കിയിരിക്കുന്നത്. കന്നുകാലികള്‍ക്ക് തീറ്റ കൊടുക്കുന്നതിന് പുല്‍കൃഷിയും ഇതോടൊപ്പം ചെയ്തു വരുന്നു. വിശാലമായ പുരയിടത്തിനോട് ചേര്‍ന്ന് വൈവിധ്യമാര്‍ന്ന പഴവര്‍ഗങ്ങളാണ് വിളഞ്ഞു കിടക്കുന്നത്. ഈ പഴങ്ങള്‍ വില്‍പന നടത്താറില്ല. സുഹൃത്തുക്കള്‍ക്കും സമീപവാസികള്‍ക്കുമായി പങ്കുവക്കുകയാണ് പതിവ്.
ഭാര്യ പത്മിനിയും രണ്ട് മക്കളും പേരക്കുട്ടികളും ഗോപാലകൃഷ്ണനെ കൃഷിയില്‍ സഹായിക്കും. മികച്ച കര്‍ഷകനായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."