ചാലക്കുടി ഗവ. ഹോസ്പിറ്റല്‍ റിങ് റോഡ് ഇനി മുതല്‍ കലാഭവന്‍ മണി റോഡ്
ചാലക്കുടി: കലാഭവന്‍ മണിയുടെ സ്മരണക്കായി റോഡൊരുങ്ങി. ഗവ.ഹോസ്പിറ്റല്‍ റിങ് റോഡിനാണ് കലാഭവന്‍ മണിയുടെ പേര് നല്‍കിയത്. വീതി കൂട്ടി നവീകരിച്ച ഹോസ്പിറ്റല്‍ റിങ്ങ് റോഡ് ഇനിമുതല്‍ കലാഭവന്‍ മണിയുടെ പേരില്‍ അറിയപ്പെടും. ഈ റോഡില്‍ നിന്നാണ് മണിയുടെ വീട്ടിലേക്കുള്ള ചേനത്തുനാട്, മണിയുടെ വിശ്രമ കേന്ദ്രമായ പാഡി എന്നിവടങ്ങളിലേക്കുള്ള റോഡ് ആരംഭിക്കുന്നത്.
മണിയുടെ പേരില്‍ ഒരു റോഡ് വേണമെന്നത് ചാലക്കുടിക്കാരുടെ നീണ്ടകാലത്തെ ആഗ്രഹമായിരുന്നു. ഈ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായത്. റിങ് റോഡില്‍ മൂന്നിടത്ത് കലാഭവന്‍ മണി സ്മാരക റോഡെന്നെഴുതി ബോര്‍ഡുകളും സ്ഥാപിച്ചു.
താലൂക്ക് ഹോസ്പിറ്റലിന് മുന്നിലും പൊലിസ് സ്റ്റേഷന് സമീപവും ദേശീയപാതയില്‍ നിന്നും താലൂക്ക് ആശുപത്രിയിലേക്കുള്ള പ്രവേശന കവാടത്തിലുമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡുകളുടെ അനാച്ഛാദനം ബി.ഡി ദേവസി എം.എല്‍.എനിര്‍വഹിച്ചു. നഗരസഭ ചെയര്പേഴ്സന് ജയന്തി പ്രവീണ്‍കുമാര്‍ അധ്യക്ഷയായി.
വൈസ് ചെയര്മാന് വിത്സന് പാണാട്ടുപറമ്പില്‍, പ്രതിപക്ഷ നേതാവ് വി.ഒ പൈലപ്പന്, നഗരസഭാ കൗണ്‍സിലര്‍മാരായ വി.ജെ ജോജി, ഗീത സാബു സംസാരിച്ചു.
യോഗത്തില്‍ മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് ലഭിച്ച മണിയുടെ സഹോദരന് ആര്.എല്‍ വി രാമകൃഷ്ണനെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."