ഖദീജു ജനിച്ചത് 42,000 അടി ഉയരത്തില്‍
ഔഗഡൗഗൊ: 42,000 അടി ഉയരത്തില്‍ പറക്കവെ യുവതിക്ക് വിമാനത്തില്‍ സുഖപ്രസവം. ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് യുവതിയുടെ പ്രസവപരിചരണം ഏറ്റെടുത്ത് വിമാനജീവനക്കാര്‍ മാതൃകയായത്. ഗുനിയയുടെ തലസ്ഥാനമായ കൊണാക്രിയില്‍ നിന്ന് ഇസ്താംബൂളിലേക്ക് ഔഗഡൗഗോ വഴി വരികയായിരുന്ന വിമാനത്തിലാണ് ആകാശത്തുവച്ച് അപ്രതീക്ഷിത യാത്രക്കാരിയെത്തിയത്.
വിമാനം പറന്നുയര്‍ന്ന ഉടനെയാണ് നഫി ദയാബി എന്ന യാത്രക്കാരിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്നു വിമാനജീവനക്കാരും സഹയാത്രികരും യുവതിയുടെ സഹായത്തിനെത്തി. വിമാനത്തില്‍ ജനിച്ച കുഞ്ഞിന് ഖദീജു എന്നു പേരുമിട്ടു. തുടര്‍ന്ന് ബുര്കിനാ ഫാസോ തലസ്ഥാനത്ത് വിമാനം ലാന്റ് ചെയ്തശേഷം കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിലേക്കു മാറ്റി. ഇരുവരും സുഖമായിരിക്കുന്നുവെന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍സ് അറിയിച്ചു. 28 ആഴ്ച പ്രായമായ ഗര്‍ഭമായിരുന്നു യുവതിയുടേതെന്നും എയര്‍ലൈന്‍സ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മിക്ക വിമാനക്കമ്പനികളും 36 ആഴ്ചവരെയുള്ള ഗര്‍ഭിണികളെ വിമാനത്തില്‍ യാത്രയ്ക്ക് അനുവദിക്കാറുണ്ട്. എന്നാല്‍ 28 ആഴ്ച കഴിഞ്ഞവര്‍ക്ക് പ്രസവ തിയതി രേഖപ്പെടുത്തി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ കത്തും ഹാജരാക്കണമെന്നാണു ചട്ടം. വിമാനത്തില്‍ പ്രസവിക്കുന്ന കുഞ്ഞിന് മാതാവിന്റെ പൗരത്വമോ വിമാനം ഏതുരാജ്യത്തിന്റെ വ്യോമപരിധിയിലിരിക്കെയാണോ പ്രസവം എന്നതിനെ അടിസ്ഥാനമാക്കി പൗരത്വം ലഭിക്കും. പ്രസവം ശുശ്രൂഷ വിമാന ജീവനക്കാരെ പരിശീലിപ്പിക്കാറുണ്ടെന്ന് കമ്പനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."