പണി തരുന്ന ചുരംപാത; പണി തുടങ്ങാതെ ബദല്‍പാത
തിരുവമ്പാടി: കനത്ത കാലവര്‍ഷത്തില്‍ താമരശേരി ചുരം റോഡ് ഇടിഞ്ഞതോടെ കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്കുള്ള യാത്ര പ്രതിസന്ധിയിലായി. വയനാട്ടിലേക്കുള്ള സമാന്തരപാത എന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ ഫലപ്രദമായ ബദല്‍പാത യാഥാര്‍ഥ്യമായിട്ടില്ല. ഇപ്പോഴത്തെ യാത്രാദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ബദല്‍പാതയ്ക്കായുള്ള ചര്‍ച്ചകള്‍ക്കു പ്രാധാന്യം വര്‍ധിക്കുകയാണ്.
ചുരവും മലനിരകളും പ്രകൃതിഭംഗിയും കോടമഞ്ഞും തണുപ്പുമുള്ള വയനാടന്‍യാത്ര വിനോദസഞ്ചാരികള്‍ക്ക് എന്നും ഹരമാണ്. പക്ഷെ ഈ യാത്ര പലപ്പോഴും ഭീതിതമാണ്. അപ്രതീക്ഷിതമായുണ്ടാകുന്ന മലയിടിച്ചിലും ഗതാഗതക്കുരുക്കും വലിയ വാഹനങ്ങള്‍ റോഡില്‍ വഴിമുടക്കുന്നതുംമൂലം പലപ്പോഴും ചുരം വഴിയുള്ള യാത്ര സമയ-സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. ഒന്‍പത് ഹെയര്‍പിന്‍ വളവുകളിലായി 12 കിലോമീറ്റര്‍ ദൂരമുള്ള ചുരത്തിനിടയില്‍ പലപ്പോഴും രൂപപ്പെടുന്ന കുരുക്കഴിയാന്‍ മണിക്കൂറുകളെടുക്കാറുണ്ട്. താഴെ അടിവാരത്തും മുകളില്‍ ലക്കിടിയിലും എത്തിച്ചേരാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതു പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
ദിനംപ്രതി 25,000ത്തോളം വാഹനങ്ങള്‍ കടന്നുപോകുന്ന ഈ പാതയില്‍ ഒരു വാഹനം ബ്രേക്ക് ഡൗണായാല്‍ പോലും മണിക്കൂറുകളോളം ഗതാഗതതടസം നേരിടുന്നതു പതിവാണ്. കുത്തനെയുള്ള മൂന്നു മലകള്‍ യോജിപ്പിച്ചുണ്ടാക്കിയിരിക്കുന്ന പാതയുടെ ഒരു ഭാഗം വലിയ താഴ്ചയാണ്. ഓരോ വര്‍ഷവും കോടിക്കണക്കിനു രൂപയാണു ചുരം റോഡിന്റെ നവീകരണത്തിനായി ചെലവഴിക്കുന്നത്. എന്നിട്ടും കോണ്‍ക്രീറ്റ് ചെയ്തു ബലപ്പെടുത്തിയ കൊക്കയോടു ചേര്‍ന്ന ഭാഗങ്ങള്‍ ഇടിഞ്ഞുവീഴുന്നത് തുടര്‍ക്കഥയാവുകയാണ്.
കാലവര്‍ഷത്തില്‍ നെഞ്ചിടിപ്പോടെയാണു യാത്രക്കാര്‍ താമരശേരി ചുരം വഴി യാത്ര ചെയ്യുന്നത്. 1983ലാണു ചുരത്തില്‍ വലിയ ഉരുള്‍പൊട്ടലുണ്ടായത്. വയനാട്ടിലുള്ളവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ്, കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെടെ അത്യാവശ്യ ആവശ്യങ്ങള്‍ക്കായി യാത്രചെയ്യാനും നിലവില്‍ പ്രധാനമായും ആശ്രയിക്കുന്നതും താമരശേരി ചുരത്തെ തന്നെയാണ്. മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും കൂറ്റന്‍പാറകളും മരങ്ങളും വീണും പലപ്പോഴും ചുരംയാത്ര അപകടത്തിലായിട്ടും പരിഹാരവും ബദല്‍മാര്‍ഗവും ആവശ്യപ്പെട്ടുള്ള മുറവിളിക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വര്‍ഷകാലത്ത് ചുരത്തില്‍ മണ്ണിടിച്ചില്‍ നിത്യസംഭവമാണ്.
പ്രധാന ബദലുകളും
ബദലുകളുടെ പ്രാധാന്യവും
താമരശ്ശേരി ചുരം റോഡിനു പകരമായി നാലു പ്രധാന പാതകളാണു നിലവില്‍ പരിഗണനയിലുള്ളത്. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത, പൂഴിത്തോട്-പടിഞ്ഞാറെത്തറ റോഡ്, ചിപ്പിലോട്-മരുതിലാവ്-തളിപ്പുഴ, മേപ്പാടി-നിലമ്പൂര്‍ എന്നിവയാണവ. ഇവയില്‍ വനത്തില്‍ കൂടി കടന്നുപോവുന്ന റോഡുകള്‍ക്കു വനംവകുപ്പിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും പ്രത്യേക അനുമതി ആവശ്യമാണ്. ഈ പാതകളിലെ വനഭൂമി, വന്യജീവികളുടെ സഞ്ചാരപാതയായി (വൈല്‍ഡ് ലൈഫ് കൊറിഡോര്‍) വനം വകുപ്പുരേഖകളില്‍ ഉള്ളവയാണ്. അതുകൊണ്ടു തന്നെ ബദല്‍പാതയില്‍ മുന്‍പന്‍ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയാണ്. ഇതു മാത്രമാണു പരിഹാരമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മലക്കടിയിലൂടെ ഏകദേശം 5.63 കിലോമീറ്റര്‍ ദൂരം തുരങ്കം നിര്‍മിച്ച് ആനക്കാംപൊയിലിലെ സ്വര്‍ഗം കുന്നുമായും മേപ്പാടിയിലെ കള്ളാടിയുമായും ബന്ധിപ്പിക്കുന്നതാണു നിര്‍ദിഷ്ട തുരങ്കപാത. കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടിയിലെ ആനക്കാംപൊയിലും വയനാട് ജില്ലയില്‍ മേപ്പാടിയുമാണ് ഈ പാതയിലെ പ്രധാന ചെറുനഗരങ്ങള്‍. വനത്തിനടിയിലൂടെയാണു പാത എന്നതിനാല്‍ പരിസ്ഥിതിക്കോ പ്രകൃതിക്കോ കോട്ടം തട്ടില്ല.
ദേശീയപാത 212, 66, 213 എന്നീ റോഡുകളുമായി ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന ഒരു പ്രധാന ബൈപാസുമാണിത്. മുക്കം-മഞ്ചേരി വഴി ബംഗളൂരു, എറണാകുളം യാത്രയില്‍ ഏകദേശം 30 കിലോമീറ്റര്‍ കുറവും ഒരു മണിക്കൂറോളം യാത്രാ സമയലാഭവും ഉണ്ടാകും. ആനക്കാംപൊയില്‍-കള്ളാടിപ്പാലം-മേപ്പാടി തുരങ്കപാത വനം നഷ്ടപ്പെടാതെ നടപ്പാക്കാമെന്ന്, കേരള സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് 2015 മാര്‍ച്ചില്‍ തുടങ്ങി മൂന്നു മാസങ്ങളോളം പദ്ധതി പ്രദേശത്ത് നടത്തിയ പഠനങ്ങളും സര്‍വേയും വ്യക്തമാക്കുന്നു.
ആനക്കാംപൊയിലില്‍നിന്ന് മറിപ്പുഴ വരെ പി.ഡബ്ല്യ.ഡി റോഡ് നിലവിലുണ്ട്. മറിപ്പുഴയില്‍ ഇരുവഴിഞ്ഞിപ്പുഴക്കു കുറുകെ പാലം തീര്‍ത്ത് കുണ്ടന്‍തോട് പ്രദേശം വഴി ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്വര്‍ഗംകുന്നില്‍ എത്താം. ഇവിടം വരെ ആവശ്യമായ വീതിയില്‍ ജീപ്പുപാതയുമുണ്ട്.
പൂര്‍ത്തീകരിക്കേണ്ടവ
തുരങ്ക റോഡ് നിര്‍മാണം, കോഴിക്കോട് ഭാഗത്തെ മറിപ്പുഴ മുതല്‍ സ്വര്‍ഗംകുന്ന് വരെയുള്ള റോഡ് ലെവല്‍ ചെയ്തു വീതികൂട്ടി പുതുക്കിപ്പണിയല്‍, മറിപ്പുഴയില്‍ ഇരുവഴിഞ്ഞി പുഴക്കു കുറുകെ ഏകദേശം 35 മീറ്റര്‍ നീളത്തില്‍ പാലവും അപ്രോച്ച് റോഡ് നിര്‍മാണവും, തുരങ്കപാതയിലെ പാറകളുടെ ഭൂമിശാസ്ത്രപരമായ പഠനം എന്നിവയാണു പ്രധാനമായും പ്രാഥമികമായി പൂര്‍ത്തീകരിക്കാനുള്ളത്.
നിലവില്‍ പൂര്‍ത്തിയായവ
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത അടിസ്ഥാനമാക്കി ബദല്‍ റോഡ് നിര്‍മിക്കാന്‍ കേരള സര്‍ക്കാര്‍ 2014ല്‍ ടെന്‍ഡര്‍ വിളിച്ചു. ഇതനുസരിച്ചു പഠനം നടത്തിയ റൂബി സോഫ്റ്റ് ടെക് എന്ന തിരുവനന്തപുരം ആസ്ഥാനമുള്ള സര്‍ക്കാര്‍ അംഗീകൃത സര്‍വേ ഏജന്‍സി ഈ പാതക്ക് അനുകൂലമായ സാങ്കേതിക റിപ്പോര്‍ട്ടാണു നല്‍കിയത്. നിലവിലുള്ള റോഡുകളിലൂടെയും, കാടിനുള്ളിലെ പുരാതന കൂപ്പ് റോഡിലൂടെയും ആണു സര്‍വേ നടത്തിയത്.
നിലവിലുള്ള പാതയിലൂടെ സമുദ്രനിരപ്പില്‍നിന്നുള്ള ഉയരങ്ങള്‍ ഓരോ 20 മീറ്ററിലും രേഖപ്പെടുത്തി. മറിപ്പുഴ മുതല്‍ കള്ളാടി വരെ പാതയുടെ സര്‍വേ പൂര്‍ത്തിയാക്കി. ഇവിടങ്ങളില്‍ 17 സ്ഥലങ്ങളിലായി തുരങ്കങ്ങള്‍ തുറക്കാന്‍ പറ്റിയ സ്ഥലങ്ങളും ഇവര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. തുരങ്കത്തിന്റെ തുടക്കം സമുദ്രനിരപ്പില്‍നിന്ന് 1,000 മീറ്ററില്‍ താഴെയായി തിട്ടപ്പെടുത്തിയാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
പദ്ധതി ചെലവ് 300-600 കോടി
പദ്ധതിയുടെ പൂര്‍ണ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഏകദേശം 300-600 കോടിക്കിടയില്‍ രൂപ ചെലവാകുമെന്നു കണക്കാക്കുന്നു. ഒരു തുരങ്കവും അതില്‍ ഇരു ഭാഗത്തേക്കും ഗതാഗതം അനുവദിക്കുന്ന നാലുവരിപ്പാത നിര്‍മാണും ഉള്‍പ്പെടെയാണിത്. ഉറച്ച പാറയിലൂടെയുള്ള തുരങ്കമായതിനാല്‍ ഇതിന്റെ ഭിത്തികള്‍ കൂടുതല്‍ ബലിഷ്ഠമാക്കേണ്ടതില്ല. റോഡുകള്‍ നിര്‍മിക്കാന്‍ കാര്യമായി ഭൂമി ഏറ്റെടുക്കേണ്ടിയും വരില്ല.
15 മീറ്റര്‍ വീതിയില്‍ തുരങ്കത്തില്‍ നാലുവരി കോണ്‍ക്രീറ്റ് റോഡും വായുസഞ്ചാരമാര്‍ഗം, വൈദ്യുതീകരണം, നടപ്പാത, അത്യാവശ്യ ഘട്ടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ വീതി കൂടിയ ഇടങ്ങള്‍ എന്നിവ കണക്കാക്കുന്ന വിധത്തിലാണു നിലവില്‍ പാത നിര്‍മാണം ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."