മൈക്രോഫിനാന്‍സ് തട്ടിപ്പ്‌കേസ്: പ്രതിരോധത്തില്‍ നിന്ന് വെള്ളാപ്പള്ളി പ്രീണനത്തിലേയ്ക്ക്
ആലപ്പുഴ: മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വെട്ടിലായതോടെ അറസ്റ്റുഭയന്ന് സര്‍ക്കാരിനെതിരേ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികളില്‍ നിന്നും വെള്ളാപ്പള്ളി നടേശനും എസ്.എന്‍.ഡി.പിയും പിന്‍വാങ്ങി. ജില്ലാ, താലൂക്ക്, ശാഖാതലങ്ങളില്‍ നടത്താനിരുന്ന പ്രതിഷേധപരിപാടികള്‍ ഉപേക്ഷിക്കാന്‍ ഇന്നലെ ആലപ്പുഴയില്‍ ചേര്‍ന്ന എസ്.എന്‍.ഡി.പി നേതൃയോഗം തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ടു മൈക്രോഫിനാന്‍സ് തട്ടിപ്പിലെ പരാതി ബോധ്യപ്പെടുത്തി സര്‍ക്കാരുമായി സമവായത്തില്‍ പോകാനാണ് നേതൃയോഗത്തിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ആലപ്പുഴയില്‍ നടത്താനിരുന്ന പ്രതിഷേധപ്രകടനം ഉപേക്ഷിച്ചു ഓഡിറ്റോറിയത്തില്‍ വിശദീകരണയോഗം മാത്രമാക്കി ചുരുക്കി.
കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗമാണ് ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാരിനെതിരേ ജില്ലകള്‍ തോറും പ്രതിഷേധപ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍, സര്‍ക്കാരിനെതിരേ രംഗത്തു വരുന്നത് സംഘടനയ്ക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പ്രതിഷേധത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനം എടുത്തത്. ജില്ലാതലങ്ങളില്‍ നടത്താനിരുന്ന പ്രതിഷേധപരിപാടികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി യോഗശേഷം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അനുവാദം ലഭിക്കുന്നത് അനുസരിച്ച് യോഗനേതൃത്വം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് മൈക്രോഫിനാന്‍സ് കേസിലെ സത്യാവസ്ഥ ബോധ്യപ്പെടുത്തും. ഇതിനുപുറമേ ശാഖതലങ്ങളില്‍ കുടുംബയൂനിറ്റുകളും വിളിച്ചുകൂട്ടി നേതാക്കള്‍ നേരിട്ടു മൈക്രോഫിനാന്‍സ് കേസിനെകുറിച്ച് വിശദീകരിക്കും.
ജനങ്ങളെ സത്യം ബോധ്യപ്പെടുത്താന്‍ പത്രദൃശ്യ മാധ്യമങ്ങളില്‍ പരസ്യം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവായിരിക്കേ വിജിലന്‍സിനും ക്രൈംബ്രാഞ്ചിനും വി.എസ് അച്യുതാനന്ദന്‍ കൊടുത്ത പരാതി നിലനില്‍ക്കുന്നതല്ലെന്ന വാദമാണ് വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തുന്നത്.
വി.എസിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും പൂര്‍ത്തിയാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സര്‍ക്കാരിനെതിരേ എടുത്തുചാടിയുള്ള വികാരപ്രകടനം ദോഷം ചെയ്യുമെന്ന തിരിച്ചറിവാണ് പ്രതിരോധത്തില്‍ നിന്നും സമവായത്തിലേയ്ക്ക് നീങ്ങാന്‍ വെള്ളാപ്പള്ളിയെയും നേതൃത്വത്തെയും പ്രേരിപ്പിച്ചത്.
സര്‍ക്കാരില്‍ നിന്നും നീതികിട്ടുമെന്ന പ്രതീക്ഷയാണ് എസ്.എന്‍.ഡി.പി യോഗനേതൃത്വം പ്രകടിപ്പിക്കുന്നത്. മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ വെള്ളാപ്പള്ളി നടേശനെ അറസ്റ്റു ചെയ്യുന്നതുമായി ബന്ധപ്പെട്ടു വിജിലന്‍സ് നിയമോപദേശം തേടിയിരുന്നു.
ഇതോടെയാണ് കേസിനെ പ്രതിരോധിക്കാന്‍ പ്രതിഷേധവുമായി എസ്.എന്‍.ഡി.പി രംഗത്തെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനെ പ്രീണിപ്പിക്കുന്നതിനൊപ്പം വി.എസിനെ കടന്നാക്രമിക്കുന്ന പ്രചരണം ശാഖതലങ്ങളിലും കൂടുംബയോഗങ്ങളിലും നടത്താനാണ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."