ഞാന്‍ നന്നാകാന്‍ 'ഞാന്‍' നശിക്കണം
നാടു ചുറ്റാന്‍ വീടുവിട്ടിറങ്ങിയതാണാ മനുഷ്യന്‍. പല ദേശങ്ങളിലൂടെയും പല കാഴ്ചകളും കണ്ട് അദ്ദേഹം തന്റെ യാത്ര തുടരുകയാണ്. പ്രമുഖരായ ആളുകളെ പോയി സന്ദര്‍ശിക്കാനും അവരില്‍നിന്ന് അനുഗ്രഹങ്ങള്‍ വാങ്ങാനും ഈ യാത്രയില്‍ അദ്ദേഹം മറന്നില്ല. പഠിക്കാന്‍ വകയാകുന്ന അവസരങ്ങളെല്ലാം പരമാവധി പ്രയോജനപ്പെടുത്തി. ഒരു നാട്ടിലെത്തിയപ്പോള്‍ അവിടെ പ്രസിദ്ധനായ ഒരു ആത്മജ്ഞാനിയുണ്ടെന്ന് ആരില്‍നിന്നോ കേട്ടറിവ് ലഭിച്ചതായിരുന്നു. അപ്പോഴേക്കും തന്റെ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ച് ആത്മജ്ഞാനിയെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് തിരിച്ചു. വസതിക്കു പുറത്ത് ശിഷ്യഗണങ്ങളെമ്പാടുമുണ്ട്. ശിഷ്യന്മാരുടെ അടുക്കല്‍ചെന്ന് അദ്ദേഹം തന്നെ പരിചയപ്പെടുത്തി. സ്വാഭാവികമായും അതുണ്ടാകുമല്ലോ. പക്ഷേ, പരിചയപ്പെടുത്തിയത് കുറച്ചു കൂടുതലായിപ്പോയി. തന്റെ മഹത്തവും മഹാത്മ്യവും വാതോരാതെ അവരോട് പറഞ്ഞു. അഹന്ത നിറഞ്ഞ ആ വാക്കുകള്‍ പക്ഷേ, ശിഷ്യന്മാര്‍ക്ക് രസിച്ചില്ല. അവര്‍ നേരെ ജ്ഞാനിയുടെ അടുക്കല്‍ ചെന്ന് വിവരമറിയിച്ചു. ഗുരുവിനെ കാണാനാണ് അദ്ദേഹം വന്നതെന്നും അയാള്‍ പറയുന്ന കാര്യങ്ങള്‍ ഇന്നതെല്ലാമാണെന്നും അവര്‍ വളച്ചുകെട്ടില്ലാതെ പറഞ്ഞുകൊടുത്തു. അപ്പോള്‍ ഗുരു പറഞ്ഞു:
''പുള്ളിയോട് ഞാന്‍ മരിച്ചിട്ട് എന്നെ കണ്ടാല്‍ മതിയെന്നു പറഞ്ഞേക്കൂ.''
മരിച്ചിട്ട് വരാന്‍ പറയുകയോ? മരിച്ച ശേഷം മൃതദേഹം കാണാന്‍ വന്നാല്‍ മതിയെന്നോ? എന്താണു ഗുരു പറഞ്ഞതിന്റെ പൊരുള്‍...ശിഷ്യന്മാര്‍ ആകെ അങ്കലാപ്പിലായി. ഗുരുവിനോട് കൂടുതല്‍ വിശദീകരണം ചോദിക്കാന്‍ ഭയവുമാണ്. ഇനി എന്തു ചെയ്യും? ഗുരു പറഞ്ഞതിന്റെ പൊരുളറിയാതെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?
ഭാഗ്യമെന്നു പറയട്ടെ, അക്കൂട്ടത്തില്‍ ബുദ്ധിമാനായ ഒരു ശിഷ്യനുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ''സുഹൃത്തുക്കളേ, ഗുരു പറഞ്ഞതിന്റെ അര്‍ഥം നിങ്ങള്‍ക്ക് മനസിലായില്ലേ...ഞാന്‍ എന്ന ഭാവം തുടച്ചുനീക്കിയിട്ട് ഗുരുവിനെ വന്നുകണ്ടാല്‍ മതിയെന്ന് അയാളോട് പറയാനാണ് ഗുരു പറഞ്ഞത്. അല്ലാതെ, ഗുരുവിന്റെ മരണശേഷം ഗുരുവിന്റെ മൃതശരീരം കണാന്‍ വന്നാല്‍ മതിയെന്നല്ല.''
യുദ്ധം എന്നര്‍ഥം വരുന്ന W.A.R എന്ന പദത്തിലെ ഓരോ അക്ഷരങ്ങളുടെയും പൂര്‍ണരൂപം അടുക്കിവച്ചാല്‍ ഇങ്ങനെ വായിക്കാം: We Are Right ഞങ്ങളാണു ശരിയെന്നര്‍ഥം. അതാണ് W.A.Rts ands for We Are Right എന്നു പറയുന്നത്. സകല കലഹങ്ങളുടെയും മുഴുവന്‍ വഴക്കുകളുടെയും മൂല വേര് 'നീ തെറ്റ്, ഞാന്‍ ശരി' എന്ന ചിന്തയാണ്. മനുഷ്യന്‍ അനുഭവിക്കുന്ന അസമാധാനങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും പിന്നില്‍ 'ഞാന്‍' തന്നെയാണ് കാരണക്കാരന്‍.
'ഞാനാണ് കേമന്‍', 'ഞാന്‍ കൊള്ളാം', 'എന്നോട് അവന്‍ അങ്ങനെ പറയുകയോ?', 'എനിക്ക് വല്ലാതെ വേദനിക്കുന്നു.', 'എന്നോട് മിണ്ടണ്ട', 'ഞാനില്ലെങ്കില്‍ ഇവരെല്ലാം മുടിയും', 'എന്നെ അവന്‍ പരിഗണിച്ചില്ലല്ലോ.', 'എന്നോട് ക്രൂരമായി പെരുമാറുന്നവനോട് ഞാനും...' മനുഷ്യന്റെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും കാരണമാകുന്ന നിഷേധാത്മകചിന്താഗതി പ്രസവിക്കുന്ന പ്രതികരണങ്ങളില്‍ ചിലതാണിവ. ഇവയിലെല്ലാം കാണപ്പെടുന്ന പ്രധാന പ്രശ്‌നക്കാരന്‍ 'ഞാന്‍' തന്നെ. ഈ 'ഞാന്‍ഭാവം' എന്നു നീങ്ങുന്നോ അന്ന് മനുഷ്യന്‍ നന്നാകും.
'ഞാനാണു കേമന്‍' എന്നതില്‍ നിന്ന് 'ഞാന്‍' പോയാല്‍ 'കേമന്‍' മാത്രം ബാക്കിയാകും. ആ കേമന്‍ ആരുമാകാം. ചിലപ്പോള്‍ ഒരാളാകാം, രണ്ടാളാകാം, പത്തും നൂറുമാകാം. ഞാനാണു കേമന്‍ എന്നു പറയുമ്പോള്‍ അവിടെ മറ്റുള്ളവര്‍ കേമന്മാരല്ല എന്ന ധ്വനിയാണുണ്ടാവുക. കേമനായി ഒരാളേ ഉണ്ടാകൂ. ആ ഒരാള്‍ ഞാനാണു കേമന്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്നതോടെ കേമനല്ലാതായിത്തീരുകയും ചെയ്യുന്നു. അപ്പോള്‍ കേമന്മാര്‍ തീരുയുണ്ടാകാത്ത സ്ഥിതി വരും. 'ഞാന്‍' ഉണ്ടെങ്കില്‍ ആരും കേമനാവുകയില്ല. ഞാനില്ലെങ്കില്‍ കേമന്മാര്‍ അനേകമുണ്ടാകും. എങ്കില്‍ 'ഞാന്‍' മാറിനില്‍ക്കുന്നതല്ലേ നല്ലത്.
'എനിക്ക് വേദനിക്കുന്നു' എന്നു പറയുന്നത് 'ഞാന്‍' ഉണ്ടാകുന്നതുകൊണ്ടാണ്. 'ഞാന്‍' ഇല്ലെങ്കില്‍ വേദനയുണ്ടാകില്ല. വേദനയുണ്ടാകണമെങ്കില്‍ വേദനിക്കുന്നവന്‍ വേണമെന്നാണല്ലോ. വേദനിക്കുന്നവനാകട്ടെ, ഞാനാണ്. 'ഞാന്‍' പോയാല്‍ വേദനയും പോകും.
ഒരിക്കല്‍ ഒരു ഗുരുവിന്റെ അടുക്കല്‍വന്ന് ഒരാള്‍ പറഞ്ഞു: ''എനിക്ക് സുഖം വേണം.'' അപ്പോള്‍ ഗുരു നല്‍കിയ മറുപടി വളരെ സരസവും സാരസമ്പൂര്‍ണവുമായിരുന്നു. ഗുരു പറഞ്ഞു:
''ആദ്യം 'എനിക്ക് ' എന്നത് ഒഴിവാക്കുക. 'എനിക്കി'ല്‍ അഹംബോധമാണു കിടക്കുന്നത്. തുടര്‍ന്ന് 'വേണം' എന്ന വാക്കും ഒഴിവാക്കുക. പിന്നീട് അവശേഷിക്കുന്നത് 'സുഖം' മാത്രമായിരിക്കും. സുഖാവസ്ഥയിലേക്ക് അത്രയേ ദൂരമുള്ളൂ.''
'ഞാന്‍' ഭാവം ഭസ്മമാകുമ്പോഴാണ് നമുക്ക് ഭാസുരമായ ഭാവി വന്നുഭവിക്കുക. പ്രമുഖനായ ഒരു ശാസ്ത്രജ്ഞന്റെ കഥയുണ്ട്. ഒരിക്കല്‍ തന്റെ സുഹൃത്തുക്കളുമൊത്ത് തമാശ പറഞ്ഞിരിക്കുമ്പോള്‍ വലിയ ആനക്കാര്യമെന്ന മട്ടില്‍ അദ്ദേഹം പറഞ്ഞു:
''നിങ്ങളറിഞ്ഞോ, ഞാന്‍ പുതിയൊരു വിറ്റാമിന്‍ കണ്ടെത്തിയിരിക്കുന്നു.''
പുതിയ വിറ്റാമിനോ? സുഹൃത്തുക്കള്‍ക്ക് അതറിയാന്‍ വല്ലാത്ത ആകംക്ഷയായി. അവര്‍ ചോദിച്ചു അതിന്റെ പേരെന്താണെന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു:
''ശരീരത്തിന്റെ നിലനില്‍പിന് വളരെ അത്യാവശ്യമായ ഒന്നാണല്ലോ വിറ്റാമിന്‍. അത് എത്ര കുറയുന്നോ അത്രയും ശരീരത്തിന് കേടാണ്. പക്ഷേ, ഞാന്‍ കണ്ടുപിടിച്ച വിറ്റാമിന്‍ എത്ര കുറയുന്നോ ശരീരത്തിന് അത്രയും നല്ലതായിരിക്കുമെന്നതാണ് വ്യത്യാസം. ഏതാണാ വിറ്റാമിന്‍ എന്നോവിറ്റാമിന്‍ ഐ''
വിറ്റാമിന്‍ എ.ബി.സി.ഡി എന്നിങ്ങനെ പല വിഭാഗങ്ങളുമുണ്ട്. പക്ഷേ, 'വിറ്റാമിന്‍ ഐ' അതുവരെ കണ്ടെത്തപ്പെടാത്തതാണ്. എന്താണതിന്റെ പ്രത്യേകത. അദ്ദേഹം വിശദീകരിച്ചു:
''ഇംഗ്ലീഷില്‍ 'ഐ' എന്നാല്‍ ഞാന്‍ എന്നാണല്ലോ അര്‍ഥം. ഞാന്‍ എന്ന ഭാവം നമ്മില്‍ എത്ര കൂടുന്നോ അത്രയും നാം മോശമായിത്തീരുന്നു. എത്ര കുറയുന്നോ അത്രയും നാം ഉയരത്തിലേക്കുയരുന്നു. വിറ്റാമിന്‍ 'ഐ'യുടെ പ്രത്യേകത അതാണ്.''
എനിക്ക് 'ഞാന്‍' വേണ്ട, 'നീ'യും വേണ്ട. 'ഞങ്ങളും' വേണ്ടാ, 'നിങ്ങളും' വേണ്ടാ. നമ്മള്‍ മതി. ഞാനും നീയും 'നമ്മളി'ലേക്ക് മാറുമ്പോഴേ ഉയര്‍ച്ചയുണ്ടാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."