'ചതിക്കുഴി'കള്‍ നിറഞ്ഞ് മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡ്
മഞ്ചേരി: പഴയ ബസ്സ്റ്റാന്‍ഡില്‍ വലിയകുഴികള്‍ രൂപപ്പെട്ട് ചെളിവെള്ളം നിറഞ്ഞത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മഴക്കാലത്തിനു മുന്‍പെ ബസ് സ്റ്റാന്‍ഡ് നവീകരിക്കാന്‍ നടപടികളില്ലാതെപോയതാണ് ഇത്തരം ചതിക്കുഴികളൊരുക്കിയത്. വലിയ കുഴികളിലൂടെ വാഹനങ്ങള്‍ കടന്നുപോവുന്നതിനാല്‍ വയോധികര്‍ക്കും സ്ത്രീകളുള്‍പ്പെടെയുള്ള മറ്റു യാത്രക്കാര്‍ക്കും സുരക്ഷിതമായി സഞ്ചരിക്കാനാകുന്നില്ല. വിദ്യാര്‍ഥികളും പ്രയാസപ്പെടുകയാണ്.
മലപ്പുറം, പരപ്പനങ്ങാടി, തിരൂര്‍ ഭാഗങ്ങളിലേക്കും പന്തല്ലൂര്‍, കിഴിശ്ശേരി ഭാഗങ്ങളിലേക്കും സര്‍വിസ് നടത്തുന്ന ബസുകളാണ് സ്റ്റാന്‍ഡിലെത്തുന്നത്. വെള്ളംകെട്ടിനില്‍ക്കുന്നതിനാല്‍ കൊതുകുകളും മുട്ടയിട്ടു പെരുകുന്നുണ്ട്. ബസ് സ്റ്റാന്റിനകത്തെ കടകളില്‍നിന്നുള്ള മാലിന്യങ്ങളെത്തുന്നതും ഇതിന്റെ പരിസരങ്ങളിലാണ്.
ദിനംപ്രതി ആയിരക്കണക്കിനു യാത്രക്കാര്‍ വന്നുപോകുന്ന ഇത്തരം കേന്ദ്രങ്ങളില്‍ പാലിക്കേണ്ട ശുചിത്വം സംബന്ധിച്ച ബേധവല്‍ക്കരണം ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്നില്ല.
മഴ ഇനിയും കനത്താല്‍ ഇത്തരം വെള്ളകെട്ടുകള്‍ കൂടുതല്‍ അപകടഭീഷണിയാകുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. പതിഞ്ഞിരിക്കുന്ന കുഴികളില്‍ കാല്‍തെന്നി വീഴുമെന്നതിനാല്‍ വൈകിട്ടോടെ ബസ് സ്റ്റാന്‍ഡിനകത്ത് കൂടെ നടക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് കാര്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."