കേരളാ ബാങ്ക്: ജില്ലാ ബാങ്കുകളുടെ നിര്‍ണായക ജനറല്‍ ബോഡി ഇന്ന്
തൊടുപുഴ: കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ ബാങ്കുകളുടെ ജനറല്‍ ബോഡി യോഗം ഇന്ന് നടക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം ഏഴ് ജില്ലാ ബാങ്കുകളില്‍ ജില്ലാ കലക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് യോഗം നടക്കുന്നത്. ജില്ലാ ബാങ്കുകളെ വരുതിയിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് ഇത് കനത്ത തിരിച്ചടിയാണ്. യോഗം പൂര്‍ണമായും നിരീക്ഷിക്കാനും വിഡിയോ ചിത്രീകരണം അടക്കം നടത്തി ഹാജരാക്കാനുമാണ് കലക്ടര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ ജില്ലാ ബാങ്ക് ജനറല്‍ ബോഡിയാണ് കലക്ടര്‍മാര്‍ നിരീക്ഷിക്കുന്നത്.
നടപടിക്രമം പാലിക്കാതെ ജനറല്‍ ബോഡി യോഗം വിളിച്ചതിനാല്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സഹകാരികള്‍ നല്‍കിയ റിട്ട് ഹരജി പ്രകാരം സ്റ്റേ വരും എന്ന് ഉറപ്പായത്തോടെ കഴിഞ്ഞ മാസം നടത്താനിരുന്ന യോഗം സര്‍ക്കാര്‍ അടിയന്തരമായി മാറ്റിവയ്ക്കുകയായിരുന്നു.
കേരളാ ബാങ്ക് രൂപീകരണത്തിന് ജില്ലാ സഹകരണ ബാങ്കുകളിലെ ജനറല്‍ ബോഡി യോഗത്തില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസാകണമെന്ന നിബന്ധന മറികടക്കാന്‍ സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും ഫലപ്രദമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."