ബാലാകോട്ട് വ്യോമാക്രമണം: പ്രതിപക്ഷത്തിനെതിരേ പരിഹാസവുമായി കേന്ദ്ര മന്ത്രി വി.കെ സിങ്
ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതിപക്ഷത്തിനെതിരേ പരിഹാസവുമായി കേന്ദ്ര മന്ത്രി വി.കെ സിങ്.
ഭീകരര്‍ കൊല്ലപ്പെട്ടതിനുള്ള തെളിവുകള്‍ സംബന്ധിച്ച ചോദ്യങ്ങളെ കൊതുകിനെ കൊല്ലുന്നതിനോട് ഉപമിച്ചാണ് വി.കെ സിങിന്റെ പരിഹാസം.
' പുലര്‍ച്ചെ മൂന്നരയ്ക്ക് അവിടെ നിറയെ കൊതുകുകളുണ്ടായിരുന്നു. ഞാന്‍ ഹിറ്റ് സ്‌പ്രേ ഉപയോഗിച്ച് അവയെ കൊന്നു. ഇനി ഉറങ്ങണോ അതോ കൊന്ന കൊതുകുകളുടെ കണക്കെടുക്കണോ?' വി.കെ സിങ് ട്വീറ്റ് ചെയ്തു. 'പൊതുവെ പറയുന്നു' എന്ന് അര്‍ഥം വരുന്ന ഹാഷ്ടാഗോടുകൂടിയായിരുന്നു വി.കെ സിങ്ങിന്റെ ട്വീറ്റ്.
നേരത്തെ ബാലാകോട്ട് വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാടിനെ സമയം നഷ്ടപ്പെടുത്തുന്ന വ്യായാമം എന്നു പറഞ്ഞ് വി.കെ സിങ് തള്ളിയിരുന്നു.
തെളിവുകള്‍ തരാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ വി.കെ സിങ്, 1947ന് ശേഷമുള്ള ഏതെങ്കിലും യുദ്ധങ്ങളെ കുറിച്ചുള്ള തെളിവുകള്‍ ആര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നും ചോദിച്ചിരുന്നു. നേരത്തെ വ്യോമാക്രമണത്തില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടു എന്നുള്ള ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദത്തിനെതിരേ പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ഇത്ര രഹസ്യ സ്വഭാവമുള്ള ഒരു വിവരം ബി.ജെ.പിക്ക് എങ്ങനെ ലഭിച്ചു എന്നതായിരുന്നു പലരുടേയും ചോദ്യം. കൃത്യമായ വിവരം അറിയേണ്ടവര്‍ക്ക് പാകിസ്താനില്‍ പോയി എണ്ണമെടുത്ത് വരാമെന്നായിരുന്നു ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വിഷയത്തില്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."