പൊതുമേഖലാ സ്പിന്നിങ് മില്‍ അഴിമതി: എം.ഡിമാരെ നീക്കി
തൊടുപുഴ: വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്പിന്നിങ് മില്ലുകളില്‍ അഴിമതി വ്യാപകമായ സാഹചര്യത്തില്‍ മാനേജിങ് ഡയരക്ടര്‍മാരെ സര്‍ക്കാര്‍ നീക്കി. 16 പൊതുമേഖലാ സ്പിന്നിങ് മില്ലുകളുടെ ഭരണം 6 എം.ഡിമാര്‍ കൈകാര്യം ചെയ്യുന്നതും വ്യാപക അഴിമതി സംബന്ധിച്ചും കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതില്‍ 9 സ്പിന്നിങ് മില്ലുകളുടെ എം.ഡി സ്ഥാനത്തിരുന്ന എം. ഗണേഷ്, രണ്ട് മില്ലുകളുടെ എം.ഡിയായിരുന്ന ബി. അരുള്‍ സെല്‍വന്‍ എന്നിവരെയാണ് തല്‍സ്ഥാനത്തുനിന്നും നീക്കി വ്യവസായ വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ഇന്നലെ ഉത്തരവിറക്കിയത്.
കേരള സ്‌റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പറേഷന്‍, മലബാര്‍ സ്പിന്നിങ് ആന്റ് വീവിംഗ്, കോമളപുരം മില്‍, ചെങ്ങന്നൂര്‍ പ്രഭുറാം മില്‍, എടരിക്കോട് ടെക്സ്റ്റയില്‍സ്, കണ്ണൂര്‍ പിണറായി, കാസര്‍ക്കോട് ഉദുമ, ട്രിവാന്‍ഡ്രം മില്‍, തൃശൂര്‍ സീതാറാം ടെക്സ്റ്റയില്‍സ് എന്നീ 9 മില്ലുകളുടെ എം.ഡി സ്ഥാനവും തിരുവനന്തപുരം ആസ്ഥാനമായുള്ള പരിശോധനാ ലാബായ കാര്‍ഡിറ്റിന്റെ ചുമതലയും എം. ഗണേഷ് ആണ് വഹിച്ചിരുന്നത്. ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് ഡയരക്ടര്‍ കെ. സുധീറിനാണ് മാനേജിങ് ഡയരക്ടറുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്.
കോട്ടയം പ്രിയദര്‍ശനി, കൊല്ലം കോ ഓപറേറ്റിവ് സ്പിന്നിങ് മില്ലുകളുടെ എം.ഡിയായിരുന്നു ബി. അരുള്‍ സെല്‍വന്‍. കോട്ടയം, കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാര്‍ക്കാണ് ഈ മില്ലുകളുടെ എം.ഡി ചുമതല നല്‍കിയിരിക്കുന്നത്. എം. ഗണേഷിന്റെ പേരില്‍ വിജിലന്‍സ് കേസ് നിലവിലുണ്ട്. അഴിമതിയുടെ പേരില്‍ നേരത്തെ രണ്ടുവര്‍ഷം സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സര്‍വീസില്‍ നിന്നു വിരമിച്ച ശേഷവും ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി മൂന്ന് വര്‍ഷമായി എം.ഡിസ്ഥാനത്ത് തുടരുകയായിരുന്നു ബി. അരുള്‍ സെല്‍വന്‍. ഈ രണ്ട് മില്ലുകളും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.
എന്നാല്‍, അഴിമതി ആരോപണത്തില്‍ ലോകായുക്ത അന്വേഷണം നേരിടുകയും ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്ത തൃശൂര്‍, ആലപ്പി, കണ്ണൂര്‍, കുറ്റിപ്പുറം മാല്‍കോടെക്‌സ് സഹകരണ സ്പിന്നിങ് മില്ലുകളില്‍ ഇരട്ട എം.ഡി പദവിയില്‍ തുടരുന്നവരെ സര്‍ക്കാര്‍ മാറ്റിയിട്ടില്ല.
വ്യവസായ വകുപ്പിലുള്ള ഉന്നത സ്വാധീനമാണ് ഇതിന് കാരണമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇവരെ എം.ഡി തസ്തികയില്‍ സ്ഥിരപ്പെടുത്താനായി യോഗ്യതയില്‍ മാറ്റം വരുത്തി വിജ്ഞാപനമിറക്കാന്‍ വ്യവസായ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
ടെക്സ്റ്റയില്‍ ടെക്‌നോളജിയില്‍ ബി.ടെക്കിനു പകരം ടെക്സ്റ്റയില്‍ ഡിപ്ലോമയാക്കി യോഗ്യതയില്‍ കുറവ് വരുത്തുകയാണ് ചെയ്തത്.
2016 ജൂലൈയിലെ വിജ്ഞാപന പ്രകാരം സ്പിന്നിങ് മില്ലുകളില്‍ എം.ഡി യാകാന്‍ അംഗീകൃത എം.ബി.എ അല്ലെങ്കില്‍ ടെക്സ്റ്റയില്‍ ബി.ടെക് യോഗ്യത നേടിയതിനു ശേഷം 15 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം എന്നതായിരുന്നു.
വേണ്ടപ്പെട്ടവരെ സ്ഥിരപ്പെടുത്താനായാണ് യോഗ്യതയില്‍ ഇളവ് വരുത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."