'ഗുഡ് ഇംഗ്ലീഷി'ന് ഗുഡ് റെസ്‌പോണ്‍സ്..!
അരീക്കോട്: സംസ്ഥാന സാക്ഷരതാ മിഷന്റെ ഭാഷാ കോഴ്‌സുകളെ വരവേറ്റ് ജില്ല. പുതിയ ഭാഷാ കോഴ്‌സുകള്‍ക്കു ജില്ലയില്‍ നല്ല പിന്തുണയാണ് ലഭിക്കുന്നത്. മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന സാക്ഷരതാ മിഷന്റെ പതിവ് ശൈലിയില്‍നിന്നു വ്യത്യസ്തമായി കഴിഞ്ഞ ഡിസംബറില്‍ തുടക്കംകുറിച്ച പുതിയ ഭാഷാ പാഠ്യപദ്ധതികളാണ് പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നിവ. ഇതില്‍ ഗുഡ് ഇംഗ്ലീഷ് പഠിക്കാനാണ് ജില്ലയില്‍ കൂടുതല്‍ ആളുകളും താല്‍പര്യപ്പെടുന്നത്.
നാലു മാസമാണ് കോഴ്‌സുകളുടെ കാലാവധി. ഇതില്‍ ആകെ 60 മണിക്കൂര്‍ ക്ലാസെടുക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും സര്‍ക്കാര്‍ വിദ്യാലയങ്ങളാണ് സാക്ഷരതാ മിഷന്റെ പാഠശാലകളാകുക. ഒന്നാംഘട്ട കോഴ്‌സില്‍ ജില്ലയില്‍നിന്ന് 137 പേരാണ് പങ്കെടുത്തത്. ഇതില്‍ 98 ആളുകള്‍ ഗുഡ് ഇംഗ്ലീഷിനും 39 പഠിതാക്കള്‍ പച്ച മലയാളം കോഴ്‌സിനുമാണ് ചേര്‍ന്നത്. അച്ഛീ ഹിന്ദി കോഴ്‌സിനു ജില്ലയില്‍ ഒരാള്‍പോലും ചേര്‍ന്നിട്ടില്ല.
പെരിന്തല്‍മണ്ണ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 53 പേരും കല്‍പകഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 45 പേരുമാണ് ഇംഗ്ലീഷ് പഠിച്ചത്. രാജാസ് ഹൈസ്‌കൂളില്‍നിന്നാണ് 39 പേര്‍ പച്ച മലയാളത്തില്‍ പരിശീലനം നേടിയത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ മൂന്നു കേന്ദ്രങ്ങളില്‍ മാത്രമാണ് മൂന്നു ഭാഷകളെയും ഉള്‍ക്കൊള്ളുന്ന കോഴ്‌സിന് അവസരമുണ്ടായിരുന്നത്. എന്നാല്‍, ഇത്തവണ ജില്ലയിലെ എല്ലാ ബ്ലോക്കുകള്‍ക്കു കീഴിലും ഒരു സെന്റര്‍ എന്ന രീതിയില്‍ ക്ലാസുകള്‍ സംഘടിപ്പിക്കാനാകുമെന്നു സാക്ഷരതാ മിഷന്‍ ജില്ലാ അസി. കോഡിനേറ്റര്‍ രമേഷ് കുമാര്‍ പറഞ്ഞു.
എല്ലാ ബ്ലോക്കുകളിലും സാക്ഷരതാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭാഷാ കോഴ്‌സുകളെ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക കാംപയിന്‍ നടക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തുള്ള പ്രദേശത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു കോഴ്‌സുകളെ കൂടുതല്‍ ആളുകളിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് സാക്ഷരതാ മിഷന്‍.
ഇത്തവണ നാനൂറോളം പഠിതാക്കള്‍ ഗുഡ് ഇംഗ്ലീഷ് പഠിക്കാന്‍ വിവിധ സെന്ററുകളില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ പങ്കെടുത്ത 137 പേരില്‍ ഭൂരിഭാഗവും സാക്ഷരതാ പഠിതാക്കളില്‍നിന്നുള്ളവരായിരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍തേടിപ്പോകുന്ന ഉദ്യോഗാര്‍ഥികള്‍ക്കടക്കം ഏറെ ഗുണകരമാകുമെന്നു പ്രതീക്ഷിക്കുന്ന കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കു സര്‍ട്ടിഫിക്കറ്റും നല്‍കും. പതിനേഴ് വയസിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും കോഴ്‌സിനു പ്രവേശനം നേടാം. രജിസ്‌ട്രേഷന്‍ ഫീസ്, കോഴ്‌സ് ഫീസ് എന്നിവ ഉള്‍പ്പെടെ 2,500 രൂപയാണ് അടക്കേണ്ടത്. നിലവില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സില്‍ പഠിക്കുന്നവരും എട്ടു മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ പഠിക്കുന്ന വിദ്യാര്‍ഥികളും 2,000 രൂപ മാത്രം അടച്ചാല്‍ മതി. അപേക്ഷ നല്‍കാന്‍ ഈ മാസം 30വരെ അവസരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."