ഈ വര്‍ഷാവസാനം വരെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്ന് ബാങ്കേഴ്‌സ് സമിതി
തിരുവനന്തപുരം:കര്‍ഷകരുടെ കാര്‍ഷികേതര വായ്പകള്‍ക്ക് ഉള്‍പ്പെടെ മൊറട്ടോറിയം പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനം ബാങ്കേഴ്‌സ് സമിതി തത്വത്തില്‍ അംഗീകരിച്ചു. ഈ വര്‍ഷം ഡിസംബര്‍ 31 വരെ ജപ്തി നടപടികള്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കുമെന്നും ബാങ്കുകള്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉറപ്പു നല്‍കി. സംസ്ഥാനത്ത് കൂട്ട കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായ സാഹചര്യത്തിലാണ് ബാങ്കേഴ്‌സ് സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.
കാര്‍ഷിക വായ്പയുടെ പലിശ നിരക്ക് 9 ശതമാനമായി നിജപ്പെടുത്തണമെന്ന നിര്‍ദേശം യോഗം അംഗീകരിച്ചു. കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് അനുകൂലമായാണ് ബാങ്ക് പ്രതിനിധികള്‍ പ്രതികരിച്ചത്. അടിയന്തരമായി എസ്.എല്‍.ബി.സിയുടെ ഔപചാരിക യോഗം വിളിച്ചുചേര്‍ത്ത് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെടുക്കാന്‍ തീരുമാനിച്ചു. ചില സാങ്കേതിക കാര്യങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൂടെ അനുമതി ആവശ്യമായിവരുന്ന സാഹചര്യത്തില്‍ എസ്.എല്‍.ബി.സിയും സര്‍ക്കാരും ഈ കാര്യങ്ങള്‍ ആര്‍.ബി.ഐയുടെ ശ്രദ്ധയില്‍പ്പെടുത്തും.
കൃഷി പുനരാരംഭിക്കുന്നതിന് കര്‍ഷകര്‍ക്ക് പുതിയ വായ്പ നല്‍കുന്നതിന് എസ്.എല്‍.ബി.സി അംഗ ബാങ്കുകളോട് നിര്‍ദേശിക്കും. കൃഷിക്കാരുടെ പ്രയാസം മനസിലാക്കി അവര്‍ക്ക് ആശ്വാസം നല്‍കുന്ന സമീപനം ബാങ്കുകളില്‍ നിന്ന് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എതു വായ്പയും കൃഷിക്കാര്‍ തിരിച്ചടയ്ക്കുന്നത് കൃഷിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും പ്രളയവും അവരുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരുമായി ബാങ്കുകള്‍ പൂര്‍ണമായി സഹകരിക്കണം.
മൊറട്ടോറിയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജപ്തിയോ മറ്റു നടപടികളോ പാടില്ല. ഈ തീരുമാനം ലംഘിക്കാന്‍ ഒരു ബാങ്കിനെയും അനുവദിക്കരുത്. നിലവിലുള്ള കുടിശികയുടെ പേരില്‍ പുതിയ വായ്പ കൊടുക്കാതിരുന്നാല്‍ പുതിയ കൃഷി ഇറക്കാന്‍ പറ്റില്ല. പുതിയ കൃഷി സാധ്യമാക്കാനാണ് ഒരു വര്‍ഷത്തെ പലിശ സര്‍ക്കാര്‍ നല്‍കുന്നത്. പലിശ ഒമ്പതു ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."