കെ. സുധാകരനെ 'സമ്മര്‍ദ'ത്തിലാക്കി നേതൃത്വം
കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരനു മേല്‍ കടുത്ത സമ്മര്‍ദം.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്‌നിക് തുടങ്ങിയ നേതാക്കളെല്ലാം കണ്ണൂരില്‍ സ്ഥാനാര്‍ഥിയാവണമെന്നു സുധാകരനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വിട്ടുനില്‍ക്കുമെന്ന് തുടക്കത്തില്‍ അറിയിച്ചിരുന്ന സുധാകരന്‍ തീരുമാനം രണ്ടുദിവസത്തിനകം അറിയിക്കാമെന്ന് ഇന്നലെ നേതാക്കളെ അറിയിച്ചു. സുധാകരന്‍ മത്സരിച്ചാലേ കണ്ണൂര്‍ സീറ്റ് തിരിച്ചുപിടിക്കാന്‍ കഴിയൂവെന്ന അഭിപ്രായക്കാരാണു മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കെല്ലാം.
കാല്‍മുട്ട് വേദന അലട്ടുന്ന സുധാകരനു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേതൃനിരയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. എന്നാല്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയാറാണെന്നും സുധാകരന്‍ അടുപ്പമുള്ളവരെ അറിയിച്ചിട്ടുണ്ട്.പ്രാഥമിക ചര്‍ച്ചകള്‍ക്കു ശേഷം സുധാകരന്റേതല്ലാതെ മറ്റൊരു പേരും കണ്ണൂര്‍ സീറ്റില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നില്ല.
കണ്ണൂരില്‍ സുധാകരന്‍ മത്സരിച്ചാലേ അണികളും എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കൂവെന്നു നേതൃത്വം കരുതുന്നു. സുധാകരന്‍ മത്സര രംഗത്തെത്തിയാല്‍ കഴിഞ്ഞതവണത്തെ പോലെ ഇക്കുറിയും കടുത്ത പോരാട്ടത്തിനായിരിക്കും കണ്ണൂര്‍ സാക്ഷിയാവുക. കഴിഞ്ഞതവണ 6566 വോട്ടിനാണു സുധാകരന്‍ പി.കെ ശ്രീമതിയോടു പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."