പൊതുവിദ്യാലയങ്ങളുടെ പ്രചാരകരായി ഒന്നര ലക്ഷത്തോളം അധ്യാപകര്‍ വീടുകളിലേക്ക്
കുന്ദമംഗലം: വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുന്നതിന് ഏപ്രില്‍ മാസത്തില്‍ അധ്യാപകര്‍ ഗൃഹസന്ദര്‍ശനം നടത്തും.
ഹൈടെക്കായി മാറിയ പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കളുടെ പിന്തുണ തേടിയാണ് അധ്യാപകര്‍ വീടുകളിലെത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യു.ഐ.പി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നര ലക്ഷത്തോളം അധ്യാപകരാണ് വിദ്യാലയ പരിധിയിലെ വീടുകളിലേക്ക് പൊതുവിദ്യാലയങ്ങളുടെ പ്രചാരകരായി എത്തുന്നത്.
2017-18ല്‍ 1,57,406 വിദ്യാര്‍ഥികളാണ് പുതുതായി എത്തിയത്. 2018-19ല്‍ പുതിയ കുട്ടികള്‍ 1,85,971 ആയി. 3,43,377 വിദ്യാര്‍ഥികളാണ് അധികമായി എത്തിയത്.അടുത്ത അധ്യയന വര്‍ഷം കൂടുതല്‍ കുട്ടികളെ പൊതുവിദ്യാലങ്ങളിലെത്തിക്കാനാണ് പരിശ്രമം. പൊതുവിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ മുഴുവന്‍ പദ്ധതികളുടെയും വിശദാംശങ്ങള്‍ അടങ്ങിയ ലഘുലേഖയും വീടുകളില്‍ വിതരണം ചെയ്യും. കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കാന്‍ പ്രയാസമനുഭവിക്കുന്ന രക്ഷിതാക്കള്‍ക്ക് എല്ലാവിധ സഹായവും അധ്യാപകര്‍ നല്‍കും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇതര സ്‌കൂളുകളില്‍നിന്ന് വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റിച്ചേര്‍ക്കാനുള്ള എല്ലാ സഹായവും അതത് സ്‌കൂള്‍ പരിധികളിലെ അധ്യാപകര്‍ രക്ഷിതാക്കള്‍ക്ക് നല്‍കും. വാര്‍ഷിക പരീക്ഷകള്‍ പൂര്‍ത്തിയായാലുടന്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ തേടി വീടുകളിലെത്തുന്ന വിധത്തിലാണ് പ്രചാരണം രൂപപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."