മലപ്പുറം ഉപതെരഞ്ഞെടുപ്പ്: ആവേശം കൊട്ടിക്കലാശിച്ചു; ഇനി നിശബ്ദ പ്രചാരണം
മലപ്പുറം: ലോകസഭാ ഉപതെരഞ്ഞെടുപ്പിനു ആവേശം വിതറി മലപ്പുറത്ത് പ്രചാരണത്തിനു കൊട്ടിക്കലാശം. ഇന്നു വൈകീട്ട് ആറിനാണ് പരസ്യ പ്രചാരണം അവസാനിച്ചത്. ഇനി നിശബ്ദ പ്രചാരണത്തിനുള്ള സമയമാണ്. ബുധനാഴ്ചയാണ് മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പ്.
കൊട്ടിക്കലാശത്തിനു നഗരവീഥികളില്‍ ഒഴുകിയെത്തിയത് മുന്നണി പ്രവര്‍ത്തകരുടെ വന്‍നിര. അനൗണ്‍സ്‌മെന്റ് വാഹനങ്ങളും പാട്ടുവണ്ടികളും അഭിവാദ്യ പ്രകടനങ്ങളുമായി ഉച്ചതിരിഞ്ഞത് മുതല്‍ ഒഴുകിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ കളര്‍ഫുള്‍ പ്രചാരണമാണ് മലപ്പുറത്ത് നടന്നത്. ക്രമസമാധാനപ്രശ്‌നം കണക്കിലെടുത്ത് ജില്ലാ ആസ്ഥാന നഗരിയും പ്രധാന നഗരങ്ങളും കലാശക്കൊട്ടില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതോടെ വിവിധ ഭാഗങ്ങളിലായാണ് ഓരോ സ്ഥാനാര്‍ഥിയുടെ പ്രാചാരണ കലാശക്കൊട്ട് നടത്തിയത്.
വലിയ പ്രചാരണ വാഹനവ്യൂഹവും റോഡ് ഷോകളും ആവേശം കൊട്ടിയാണ് പ്രചാരണത്തിനു തിരശ്ശീല വീഴുന്നത്. വിവിധ മുന്നണികള്‍ വ്യത്യസ്ത ഭാഗങ്ങളിലായി തമ്പടിച്ചാണ് കലാശക്കൊട്ട് നടത്തിയത്. മലപ്പുറം കിഴക്കേത്തലയില്‍ വൈകീട്ട് മൂന്നു മണിയോടെ യു.ഡി.എഫ് നടത്തിയ കൊട്ടിക്കലാശത്തിനു അഞ്ചേമുക്കാലോടെ സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടിയുമെത്തി. പത്തു മിനിട്ടു പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു കുഞ്ഞാലിക്കുട്ടിയും കലാശക്കൊട്ടില്‍ നിറഞ്ഞുനിന്നു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥി എം.ബി ഫൈസലിന്റെ നേതൃത്വത്തില്‍ റോഡ് ഷോ നടത്തി. മലപ്പുറത്ത് പൊതുവെ സമാധാനപരമായ പ്രചാരണ പരിപാടികളാണ് നടന്നത്. രാവിലെ മുതല്‍ ചെറിയ നഗരങ്ങളില്‍ ഉള്‍പ്പെടെ പൊലിസ് പെട്രോളിങും ഏര്‍പ്പെടുത്തിയിരുന്നു.
വോട്ടെടുപ്പിനു ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. നാളെ രാവിലെ പത്തു മുതല്‍ ഏഴു കേന്ദ്രങ്ങളിലായി പ്രചാരണ സാമഗ്രികളുടെ വിതരണം നടക്കും. ബുധനാഴ്ച രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ് നടക്കുക.
1175 ബൂത്തുകളാണ് മലപ്പുറത്ത് വിധിയെഴുത്തിനൊരുക്കിയത്. ഇവിടെങ്ങളിലായി നാലായിരത്തിലധികം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പതിനേഴിനാണ് വോട്ടണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."